ന്യൂഡല്‍ഹി: മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവുകള്‍ പാസാക്കുന്നതില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയും ബി.ജെ.പിയും പങ്കാളികളാണെന്ന് വിധി തെളിയിച്ചുവെന്നും ആം ആദ്മി തലവന്‍ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണ്. സുപ്രീം കോടതിക്ക് ഒരുപാട് നന്ദി. രണ്ടര മാസത്തിനുശേഷം ഡല്‍ഹിക്ക് ഒരു മേയറെ ലഭിക്കും. ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവുകള്‍ ഇറക്കുന്ന കാര്യം ഇതോടെ പരസ്യമായി.- കെജ്‌രിവാളിന്റെ ട്വീറ്റ് ഇങ്ങനെ.
ബി.ജെ.പി നേതാവിനെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രതിഷേധം പുറത്തെടുത്തതിനു പിന്നാലെ രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടിവന്നത്.

