പൊന്‍കുന്നം: മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണു കേരളമെന്നും ഏതു വിശ്വാസിക്കും അവിശ്വാസിക്കും സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നതെന്നും പിണറായി ചോദിച്ചു. പൊന്‍കുന്നത്തു പുതിയതായി നിര്‍മിച്ച സി.പി.എം. വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
” ത്രിപുരയിലെ തെരഞ്ഞെടുപ്പ് രാജ്യം വലിയ തോതില്‍ ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി സി.പി.എമ്മിനെ അധിക്ഷേപിക്കുന്ന മട്ടില്‍ പറഞ്ഞതായി കണ്ടു. കേരളത്തില്‍ ഗുസ്തി പിടിക്കുന്നവര്‍ ത്രിപുരയില്‍ ദോസ്തുക്കളായി മാറിയെന്നാണു പറയുന്നത്. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ത്രിപുര അതിക്രമങ്ങളുടെ വിളനിലമായി മാറും. അവിടെ ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എക്കു മണ്ഡലത്തില്‍ പോലും പോകുവാന്‍ കഴിയുന്നില്ല. ഇത്തരം സ്ഥിതിവിശേഷം വിവരണാതീതമാണ്.
ഈ അവസ്ഥ മാറ്റിയെടുക്കുന്നതിനാണു ചില യോജിപ്പുകള്‍ വേണ്ടിവന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ബി.ജെ.പി. ഏറ്റവും വിനാശകരമായി മാറിയിരിക്കുന്നു. ഇനിയും ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ സര്‍വനാശമായിരിക്കും ഫലം.”- മുഖ്യമന്ത്രി പറഞ്ഞു.

