കേരളസർക്കാർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിച്ച് അഴിമതികൾ ഇല്ലാതാക്കാൻ നടപ്പിലാക്കുന്ന പ്രോജക്ട്സീറോ പദ്ധതി വിപ്ലവകരമായ മുന്നേറ്റമായി മാറിയേക്കും. പരാതിക്കാരുടെ വിവരങ്ങൾ പുറത്തു പോകാതെ രഹസ്യമായി സൂക്ഷിക്കുമെന്ന് ആഭ്യന്തര വകുപ്പു മന്ത്രി ഉറപ്പുനൽകുന്നു. സാധാരണക്കാർക്ക് ഭയരഹിതമായി പരാതി നൽകാൻ ഇത് സഹായിക്കും.
അഴിമതികൾ പൗരൻ്റെ അവകാശലംഘനമാണ്. പണം വാങ്ങി ഒരു സേവനം നൽകുമ്പോൾ അതിനുശേഷിയില്ലാത്തവരുടെ അവകാശങ്ങൾ ആണില്ലാതാകുന്നത്. അനധികൃതമായ ഒരു കാര്യം നടപ്പിലാക്കുകയും കൂടിയാണ്.
ജനത്തിൻ്റെ സേവകരാകേണ്ട ഉദ്യോഗസ്ഥർ പൗരൻ്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിൻ്റെ പ്രധാനകാരണം അഴിമതിയാണ്.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതു നൽകിയില്ലെങ്കിൽ തങ്ങളുടെ നിയമപരമായ അവകാശങ്ങൾ നടപ്പിലാക്കികിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നത് സാധാരണക്കാരുടെ അനുഭവമാണ്. സാങ്കേതിക തടസ്സങ്ങൾ ആണ് എപ്പോഴും ഇക്കാര്യത്തിന് ഉദ്യോഗസ്ഥർ മറയാക്കുന്നത്.
ഏതൊരു ഫയലും നിശ്ചിത ദിവസത്തിനുള്ളിൽ തീർപ്പു കല്പിക്കണമെന്നും അല്ലാത്തപക്ഷം കൃത്യമായ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ അഴിമതിയായി കണക്കാക്കുമെന്നും സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനത്ത് നിലവിൽ സംരക്ഷിതരായ അഴിമതിക്കാരെ
പ്രതിരോധത്തിലാക്കാൻ സാധിക്കും.
പിണറായി സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ ഏതഴിമതിക്കാരനും വകുപ്പു മേധാവിയെ സന്തോഷിപ്പിച്ചാൽ സംരക്ഷണം കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു. വിജിലൻസ് അന്വേഷണത്തിലൂടെ ഒരുദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയാലും ആ കേസ് കോടതിയിൽ എത്തണമെങ്കിൽ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ്റെ വകുപ്പുമേധാവിയുടെ അനുമതി വേണമായിരുന്നു.
കുറ്റക്കാരായി കണ്ടെത്തി കോടതി നടപടിയ്ക്ക് വിധേയരാകേണ്ട നൂറിലധികം ഉദ്യോഗസ്ഥരുടെ കേസ് ഒറ്റയടിക്ക് ഇല്ലാതാക്കിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ്. ഇരുന്നൂറിലധികം കേസുകൾ ഇനി വകുപ്പുമേധാവികളുടെവിധികാത്തുണ്ട്.
ഒരുദ്യോഗസ്ഥൻ്റെ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡിപ്പാർട്ടുമെൻ്റ് ഒന്നൊ അതിലധികമൊ ഉദ്യോഗസ്ഥരെ മാസങ്ങളോളം ഉപയോഗിക്കേണ്ടതുണ്ട്. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്നവരാണ് ഈ ഉദ്യോഗസ്ഥർ. അവരുടെ അധ്വാനമാണ് വകുപ്പു മേധാവിയുടെ ഒറ്റത്തീരുമാനത്തിൽ ആവിയാകുന്നത്.
പൊതുജനം ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥൻ പൊതുജനത്തിന് എതിരെ പ്രവർത്തിച്ചത് അതേപോലെ ശമ്പളം വാങ്ങുന്ന മറ്റുദ്യോഗസ്ഥർ കണ്ടെത്തി കേസ്സാക്കുന്നത് കോടതിയിലെത്തിക്കേണ്ടതില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ തീരുമാനിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന നഷ്ടം എത്ര അധികമാണ്. അന്വേഷണ കാലയളവിൽ ആ ഉദ്യോഗസ്ഥർക്ക് നൽകിയ ശമ്പളം പാഴാകുന്നു. അഴിമതിക്കാരന് സർവ്വീസിലുള്ളകാലം മുഴുവൻ കൊടുക്കുന്ന ശമ്പളം ജനത്തെ ദ്രോഹിക്കാനുള്ള അവകാശമാകുന്നു. വകുപ്പു മേധാവിയുടെ ശമ്പളം പ്രയോജനശൂന്യമാകുന്നു. ഇത്തരം വ്യവസ്ഥിതി നിലനിന്നിടത്താണ് സാധാരണക്കാരൻ്റെ പരാതിയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പുവരുത്തും എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ഉറപ്പു പറയുന്നത്. നിലവിൽ തുടരുന്ന അഴിമതി സംരക്ഷണനയത്തിൽ നിന്നുള്ള വ്യക്തമായ വ്യതിയാനമാകട്ടെ ഈ തീരുമാനം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.