തിരുവനന്തപുരം: 2026 മേയ് 28
തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പി ലാൻ്റ് അമ്യൂസ്മെൻ്റ് പാർക്കിൽ ഉണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പാർക്കിലെ ജയിൻ്റ് വീൽ റൈഡ് പ്രവർത്തിക്കുന്നതിനിടെ പൊട്ടി താഴേക്ക് വീണതോടെയാണ് അപകടം ഉണ്ടായത്. റൈഡിലുണ്ടായിരുന്നവർ താഴേക്ക് തെറിച്ചുവീണതായാണ് വിവരം.
അപകടത്തിൽ പരിക്കേറ്റവർ എല്ലാവരും നാഗർകോവിൽ സ്വദേശികളാണ്. മനോഹരി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് നാലുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അവധിക്കാലമായതിനാൽ പാർക്കിൽ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. ഒരേസമയം നിരവധി ആളുകൾക്ക് കയറാൻ കഴിയുന്ന റൈഡായതിനാൽ അപകടത്തിന്റെ ആഘാതം കൂടാൻ സാധ്യതയുണ്ടായിരുന്നു. കൂടുതൽ ആളുകൾ റൈഡിലില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണു നാട്ടുകാരും രക്ഷാപ്രവർത്തകരും പറയുന്നത്.
അപകടം നടന്ന ഉടൻ വെഞ്ഞാറമൂട് പൊലീസും ഫയർഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പാർക്കിലെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. റൈഡിന് കൃത്യമായ ഇടവേളകളിൽ ഫിറ്റ്നസ് പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തിയിരുന്നോയെന്ന കാര്യമാണ് ഇപ്പോൾ പ്രധാനമായി പരിശോധിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പാർക്ക് പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ അന്വേഷിക്കും. പരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ പാർക്കിനെതിരെ കർശന നടപടി ഉണ്ടാകാനാണ് സാധ്യത.