തിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്കായി പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകും. ഇതിനായി 1960-ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. 23-ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശംനൽകി. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗപ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ച ഉന്നതതലയോഗത്തിലാണ് നിർദേശം. സംസ്ഥാനമൊട്ടാകെ ഭേദഗതി ബാധകമാകും.
ഇത്തരം ഭൂമിയിൽ ഖനനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വ്യസ്ഥകളും ഭേദഗതിയിലുണ്ടാകും. ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും (1500 ചതുരശ്ര അടിവരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കാനാകണം ഭേദഗതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷാ ഫീസ് ഈടാക്കും. ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേകഫീസും നൽകണം.
1500 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ ഉയർന്ന ഫീസ്‌നൽകണം. ക്രമപ്പെടുത്തുമ്പോൾ പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ്‌സ്റ്റാൻഡുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ഒഴിവാക്കും.
.നിലവിൽ കാർഷികാവശ്യത്തിനായി പതിച്ചുനല്കിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. അതിന് ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയില്ല. ഈ വ്യവസ്ഥ ലംഘിച്ചാൽ പട്ടയം റദ്ദാക്കപ്പെടും. പട്ടയം കിട്ടിയ ഭൂമി കാലങ്ങൾ കഴിഞ്ഞിട്ടും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവാത്തത് മലയോര മേഖലയിൽ വൻപ്രശ്‌നം സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാൻ ചട്ടങ്ങളുണ്ടാക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന പുതിയവകുപ്പ് 1960-ലെ ഭൂപതിവ് നിയമത്തിൽ ചേർക്കും. പതിവുചട്ടങ്ങളും ഭേദഗതിചെയ്യും. സംസ്ഥാനത്തിന് പൊതുവിൽ ബാധകമാകും വിധംചട്ടങ്ങൾ തയ്യാറാക്കാനാണ് റവന്യൂ-നിയമ വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി നിർദേശിച്ചത്.



