ഉത്തരാഖണ്ഡിലെ ജോഷിമഠിനെ മണ്ണിടിച്ചില്‍, ഭൂമി താഴല്‍ മേഖലയായി പ്രഖ്യാപിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിനെ മണ്ണിടിച്ചില്‍, ഭൂമി താഴല്‍ മേഖലയായി പ്രഖ്യാപിച്ചു. വിള്ളലുകള്‍ വീണ വീടുകളില്‍ നിന്ന് 60 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. 90 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. നഗരത്തില്‍ അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നു ഗര്‍വാല്‍ കമ്മിഷണര്‍ സുശീല്‍ കുമാര്‍ പറഞ്ഞു.ഏതാനും ഹോട്ടലുകളും ഒരു ഗുരുദ്വാരയും രണ്ടു കോളജുകളും ക്യാമ്പുകള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ 1,500 പേരെ താമസിപ്പിക്കാനാകും.

ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന, ദുരന്തമേഖല സന്ദര്‍ശിച്ചു നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി. ക്യാമ്പുകളിലേക്കു മാറണമെന്നു വിള്ളല്‍വിണ വീടുകളിലെ താമസക്കാരോടു അദ്ദേഹം ആവശ്യപ്പെട്ടു.ജോഷിമഠില്‍ 4,500 കെട്ടിടങ്ങളാണുള്ളത്. അതില്‍ 610 എണ്ണംവിള്ളല്‍ വീണ് താമസയോഗ്യമല്ലാതായിട്ടുണ്ട്. ജോഷിമഠില്‍ ഏറെനാളായി നേരിയതോതില്‍ ഭൂമി താഴുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ വ്യാപ്തി കൂടുകയായിരുന്നെന്നു സുശീല്‍ കുമാര്‍ പറഞ്ഞു.

വാടകവീടുകളിലേക്കു മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറു മാസത്തേക്കു പ്രതിമാസം 4,000 രൂപ വീതം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

Share
അഭിപ്രായം എഴുതാം