തുരുത്ത് വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

എറണാകുളം: ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമാണിത്. ആലുവ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന വിത്ത് ഉത്പാദന കേന്ദ്രം ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. വിത്തുത്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനായി മുഖ്യമന്ത്രി ആലുവ തുരുത്തിലെ വിത്തുത്പാദന കേന്ദ്രത്തിലെത്തി.

സംസ്ഥാനത്തെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്നും അതോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികളും ഇതിന്റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളിക്കായി 3 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ബണ്‍ കുറക്കുന്നതിന് വേണ്ടിയാണ് ഇലക്ട്രിക് വാഹന നയം കൊണ്ട് വരുന്നത്. അതിനായി വാഹന ചാര്‍ജിങ് ശൃംഖല രൂപീകരിച്ച് വരികയാണ്. നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി 2050ഓടെ ലക്ഷ്യം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം