ബെയ്ജിങ്: പ്രതിഷേധം കടുത്തതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ചൈന. നേരിയതോ ലക്ഷണങ്ങളില്ലാത്തതോ ആയ കേസുകളില്‍ കോവിഡ് ബാധിതര്‍ വീട്ടില്‍ത്തന്നെ ക്വാറെന്റെനില്‍ ഇരുന്നാല്‍ മതി. താല്‍ക്കാലിക ലോക്ക്ഡൗണുകള്‍ നിര്‍ത്താനും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ക്രോസ്- റീജിയണല്‍ മൈഗ്രന്റ്‌സിന് നിര്‍ബന്ധമാക്കിയിരുന്ന പരിശോധനകളും ആരോഗ്യ ചട്ടങ്ങളും അവസാനിപ്പിച്ചു. ഇതോടെ ചൈനീസ് പുതുവര്‍ഷത്തില്‍ യാത്രാനിയന്ത്രണങ്ങളും നീങ്ങും.
ദീര്‍ഘകാലമായി തുടരുന്ന സീറോ-കോവിഡ് നയം ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപേക്ഷിച്ചതിന്റെ ശക്തമായ സൂചനകളായാണ് ഇളവുകള്‍ വിലയിരുത്തപ്പെടുന്നത്.അടുത്തിടെവരെ ഒരാള്‍ കോവിഡ് ബാധിതനായാല്‍ ബന്ധുക്കളും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമെല്ലാം കേന്ദ്രീകൃത ക്വാറെന്റെന്‍ സൗകര്യങ്ങളിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ മുതല്‍ മുഴുവന്‍ നഗരപ്രദേശങ്ങള്‍ വരെ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അടച്ചിടുന്ന സ്ഥിതിയായിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ രോഗലക്ഷണമില്ലാത്ത വ്യക്തികളെയും മിതമായ കേസുകള്‍ ഉള്ളവരെയും വീട്ടില്‍ ഒറ്റപ്പെടുത്താം. അവസ്ഥ വഷളായാല്‍ മാത്രം ആശുപത്രികളിലേക്ക് മാറ്റാം. പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി ക്വാറെന്റെന്‍ പ്രദേശങ്ങള്‍ വികസിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കൂടുതല്‍ ശാസ്ത്രീയമായും കൃത്യമായും വേണം റിസ്‌ക് സോണുകള്‍ നിശച്‌യിക്കാന്‍. ഹൈറിസ്‌ക് മേഖലകളാണെങ്കില്‍, രോഗം ഇല്ലാതായി അഞ്ച് ദിവസത്തിന് ശേഷം തുറന്നിടണം.
കൂട്ടപ്പരിശോധനകള്‍ അവസാനിപ്പിക്കും. നഴ്‌സിംഗ് ഹോമുകള്‍, വെല്‍ഫെയര്‍ ഹോമുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയ്ക്ക് മാത്രമേ നെഗറ്റീവ് പി.സി.ആര്‍ ഫലങ്ങളും ആരോഗ്യ കോഡുകളും ഇനി ആവശ്യമുള്ളൂ. പകര്‍ച്ചവ്യാധികളില്ലാത്ത സ്‌കൂളുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കണം.
മറുവശത്ത്, പ്രായമായവരുടെ വാക്‌സിനേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശമുണ്ട്. കോവിഡ് ആരംഭിച്ചതുമുതല്‍, ബ്യൂബോണിക് പ്ലേഗ്, കോളറ തുടങ്ങിയ അപകടകരമായ രോഗങ്ങള്‍ക്കായി സജ്ജമാക്കിയ പ്രോട്ടോക്കോളുകള്‍ക്കു കീഴിലാണ് ചൈന കോവിഡ് -19 കൈകാര്യം ചെയ്തത്. ഇത് വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവച്ചതും. മൂന്നു വര്‍ഷത്തിനുശേഷം ചൈനയ്ക്ക് ഒരു പുതുതുടക്കം എന്നാണ് ഇളവുകളോട് ജനങ്ങളുടെ പ്രതികരണം.



