നൈജീരിയന്‍ സേനയുടെ പിടിയിലായ കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതര്‍, മോചനം കഴിയുന്നത്ര വേഗത്തില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇക്വറ്റോറിയല്‍ ഗിനിയയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികര്‍ സുരക്ഷിതരാണെന്നും അവര്‍ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട് സ്വദേശി മില്‍ട്ടന്‍ ഡിക്കോത്ത് ഉള്‍പ്പെടെയുള്ള നാവികരുടെ സുരക്ഷയും മോചനവും ഉന്നയിച്ച കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എയുടെ സബ്മിഷന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ നാവികരെ എത്രയും വേഗം വിട്ടയയ്ക്കാന്‍ എല്ലാ നിയമസഹായവും ക്ഷേമവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നാവികരുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെ നയതന്ത്ര ഇടപെടല്‍ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.തുടര്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പല്‍ പിടിക്കപ്പെട്ടതുമുതല്‍ പ്രശ്നത്തില്‍ ഇടപെട്ടു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാലു മാസം മുമ്പാണ് മാര്‍ഷല്‍ ഐലന്‍ഡ്സ് ദ്വീപുരാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എം. ടി. ഹീറോയിക് ഐഡന്‍ എന്ന ചരക്കുകപ്പല്‍ ഗിനിയയില്‍ നാവികസേന നിയന്ത്രണത്തിലാക്കിയത്. കപ്പലില്‍ മില്‍ട്ടണ്‍ ഡിക്കോത്തിനു പുറമെ കൊല്ലം സ്വദേശി വിജിത് വി. നായര്‍, എറണാകുളത്ത് താമസമാക്കിയ വയനാട് സ്വദേശി സനു ജോസ് എന്നിങ്ങനെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമുണ്ട്.

Share
അഭിപ്രായം എഴുതാം