റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകര്‍ക്ക് സൗരോര്‍ജ വേലിക്ക് സഹായം നല്‍കും:മന്ത്രി പി പ്രസാദ്

November 27, 2022 - 8:00 pm

കണ്ണൂര്‍: വന്യജീവി ആക്രമണത്തിനിരയാകുന്ന കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആര്‍ കെ വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജ വേലി പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് സഹായം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കര്‍ഷക അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് നേരിട്ടുള്ള ധനസഹായമല്ല നല്‍കുക. നിലവില്‍ വന്യജീവി ആക്രമണത്തിനിരയായവര്‍ക്ക് വനം വകുപ്പ് ധനസഹായം നല്‍കുന്നുണ്ട്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാനായി തൊഴിലുറപ്പിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി ജൈവവേലി നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. പന്നി ശല്യം രൂക്ഷമായ ഇടങ്ങളില്‍ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ തലശ്ശേരി ബ്ലോക്കിന് മാത്രമായി 6.875 ലക്ഷം രൂപയുടെ ധനസഹായ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

ഒരുലക്ഷം തൊഴില്‍ദാന പദ്ധതി പ്രകാരം തലശ്ശേരി ബ്ലോക്കില്‍ കുടിശ്ശിക ഉണ്ടായിരുന്ന 72 പേരുടെ പെന്‍ഷന്‍ തുകയും ഗ്രാറ്റ്വിവിറ്റിയും അദാലത്തില്‍ അനുവദിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമുള്ള കൃഷിയിടങ്ങളില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവത്കരണത്തിനും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കുമായി പ്രത്യേക പദ്ധതി നടപ്പിലാക്കും

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കാരണം കൃഷിയിലേക്ക് മണ്ണൊലിച്ചല്‍ ബണ്ട് തകര്‍ച്ച മുതലായവ ഉണ്ടായ സ്ഥലങ്ങളില്‍ കൃഷിവകുപ്പ് കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗം ഗെയില്‍ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത സന്ദര്‍ശനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ പ്രശ്‌ന പരിഹാരം തേടാനും മന്ത്രി നിര്‍ദേശം നല്‍കി. പച്ചത്തേങ്ങ സംഭരണവില 32 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പരിഗണനയിലാണ്. ജില്ലയില്‍ നിലവിലുള്ള 12 പച്ചത്തേങ്ങ സംഭരണകേന്ദ്രങ്ങള്‍ക്ക് പുറമെ രണ്ട് സംഭരണ കേന്ദ്രങ്ങള്‍ കൂടി ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. തേങ്ങയിടാന്‍ കാര്‍ഷിക കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. വിമാനത്താവളങ്ങളും ബസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് കാര്‍ഷിക മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണത്തിനായി കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.
ഓണ്‍ലൈനായി ലഭിച്ച 36 പരാതികളും നേരിട്ട് ലഭിച്ച 16 പരാതികളുമുള്‍പ്പെടെ 42 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. നേരിട്ട് പരാതി സ്വീകരിക്കുകയും ചെയ്തു. 29 പരാതികള്‍ പരിഹരിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, കൃഷി സെക്രട്ടറി ഡോ. ബി അശോക്, അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍, പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, സോയില്‍ സര്‍വേ ആന്‍ഡ് കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ സുബ്രഹ്മണ്യന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍, അസോ. ഡയറക്ടര്‍ ഡോ.ജയരാജ്, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.യാമിനി വര്‍മ്മ, അസോ. ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. വനജ, ഹോര്‍ട്ടികോര്‍പ്പ് എംഡി സജീവ്, കെ എല്‍ ഡി സി എംഡി രാജീവ്, കണ്ണൂര്‍ പി എ ഒ പി വി ഷൈലജ, പി ഡി ആത്മ കെ രഘുകുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *