റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെർപ്പുളശ്ശേരി റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെ സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി

November 8, 2022 - 8:59 am

ന്യൂഡൽഹി: കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെ സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് പരിശോധനപോലും നടത്താതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെ സംബന്ധിച്ചാണ് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം സത്യവാങ്മൂലമായി നൽകാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.

വാളയാറിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് വി. എൻ. പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. പുതിയ കോളേജുകൾക്ക് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് തങ്ങൾക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്ന് വി.എൻ. പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, ഈ കാലയളവിൽ പരിശോധന പോലും നടത്താതെ ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും സുപ്രീം കോടതിക്കു കൈമാറി. ഇത് എങ്ങനെ സംഭവിച്ചെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് സംസ്ഥാന സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. തുടർന്നാണ് വിശദീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചത്.

ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കോളേജ് പൂട്ടിച്ചു. തുടർന്ന് ഈ കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *