റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അഴീക്കോട്ടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നല്‍കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കോടതി തള്ളി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകരില്‍നിന്നും സമാഹരിച്ച പണമാണ് ഇതെന്നായിരുന്നു കെ.എം. ഷാജിയുടെ വാദം കോടതി അംഗീകരിച്ചില്ല. ചില രസീതുകളും ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമായിരുന്നു. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നുള്ള വാദവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ.എം. ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതിയും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടോയെന്നു കോടതി ചോദിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനേ്വഷണവും നടക്കുന്നുണ്ട്.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.എം. നേതാവായ കുടുവന്‍ പത്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.

മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവായിരുന്നു ആരോപണം ആദ്യം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനില്‍നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി. കണ്ടുകെട്ടിയിരുന്നു.വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *