തിരുവനന്തപുരം, ജൂൺ 1:
പിണറായി സർക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങൾക്ക് ഇടയായ കിഫ്ബി പുനഃസംഘടിപ്പിക്കാൻ യുഡിഎഫ് സർക്കാർ നീക്കം തുടങ്ങി. ധനവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലേക്ക് കിഫ്ബിയെ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രാഥമിക പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
ധനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണം
നിലവിൽ ധനവകുപ്പിന് കീഴിലായിരുന്നെങ്കിലും സ്വതന്ത്രമായിട്ടായിരുന്നു കിഫ്ബിയുടെ പ്രവർത്തനമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ കിഫ്ബി പൂർണമായും അവസാനിപ്പിക്കേണ്ടതില്ലെന്നും, പ്രവർത്തന ഘടന മുഴുവൻ പൊളിച്ചെഴുതണമെന്നുമാണ് പ്രധാന ശിപാർശ.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച കിഫ്ബി പിന്നീട് വിരമിച്ച ഉദ്യോഗസ്ഥരുടെ താവളമായി മാറിയെന്ന വിമർശനവും പരിശോധനയിൽ ഉയർന്നിട്ടുണ്ട്.
വിരമിച്ച ജീവനക്കാരെ ഒഴിവാക്കും
കിഫ്ബിയിലും അനുബന്ധ എസ്പിവികളിലും വിരമിച്ച ജീവനക്കാരുടെ കുടുംബാധിപത്യമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. വിരമിച്ച ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി കാര്യക്ഷമരായ നിലവിലെ സർക്കാർ ജീവനക്കാരെ നിയമിക്കാനാണ് ശിപാർശ.
400ലധികം കരാർ ജീവനക്കാരാണ് ഇപ്പോൾ കിഫ്ബിയിൽ ഉള്ളത്. ഇതിൽ 50ൽ കൂടുതൽ പേർ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നവരാണെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ നിയമന രീതി, ജോലിയുടെ സ്വഭാവം എന്നിവ വിശദമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്.
കെ.എം. ഏബ്രഹാം കാലത്തേക്കും പരിശോധന
മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രി വൈസ് ചെയർമാനുമായ ഘടനയിലാണ് കിഫ്ബി പ്രവർത്തിച്ചിരുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം വർഷങ്ങളോളം കിഫ്ബി സിഇഒ ആയിരുന്നു. അദ്ദേഹമായിരുന്നു സ്ഥാപനത്തിന്റെ പ്രധാന ഭരണനേതൃത്വം കൈകാര്യം ചെയ്തിരുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കെ.എം. ഏബ്രഹാം സിഇഒ സ്ഥാനം ഒഴിഞ്ഞത്.
കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമോ?
കിഫ്ബിയിലെ മീഡിയ വിഭാഗത്തിനും പ്രധാന മാധ്യമപ്രവർത്തകരുമായും ബന്ധമില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഐടി വിഭാഗവും പുനഃസംഘടിപ്പിക്കണമെന്ന് വിദഗ്ധ സമിതി നിർദേശിക്കുന്നു.
പരിശോധന ഇനിയും തുടരുകയാണെന്നും, കൂടുതൽ ക്രമക്കേടുകൾ പുറത്തുവരാനിടയുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.