ബംഗളുരു: കര്‍ണാടകയില്‍ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് മന്ത്രി വി. സോമണ്ണ. ചാമരാജനഗര്‍ ജില്ലയിലെ ഹംഗാല ഗ്രാമത്തില്‍ നടന്ന പട്ടയവിതരണ ചടങ്ങിനിടെ പട്ടയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മന്ത്രി യുവതിയുടെ മുഖത്തടിച്ചത്.
ബി.ജെ.പി. നേതാവും ഭവനനിര്‍മ്മാണ മന്ത്രിയായ സോമണ്ണ പങ്കെടുത്ത ഗ്രാമീണമേഖലയിലെ പട്ടയ വിതരണത്തിനിടെയാണ് യുവതി പരാതി പറയാനെത്തിയത്. ക്ഷുഭിതയായ യുവതിയെ മന്ത്രി അടിക്കുന്നതും യുവതി മന്ത്രിയുടെ കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു. ഒടുവില്‍ മന്ത്രി ക്ഷമാപണം നടത്തി. മന്ത്രിമാര്‍ ജനങ്ങളെ കയ്യേറ്റം ചെയ്യുന്നത് ഇതാദ്യമായല്ല. നിയമ മന്ത്രി ജെ.സി. മധുസ്വാമി ഇത്തരത്തില്‍ കര്‍ഷക തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചതും നേരത്തെ വലിയ വിവാദമായിരുന്നു.
