റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: യുകെയില്‍ മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് 20 ലക്ഷം പേര്‍ക്ക്

October 22, 2022 - 1:10 pm

യുകെ: യുകെയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. ആദ്യമായാണ് ഇത്തരമൊരു വര്‍ധനയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിനെ (ഒഎന്‍എസ്) ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലും രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. അതേസമയം, വടക്കന്‍ അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലന്‍ഡിലും രോഗപകര്‍ച്ച താരതമ്യേന കുറവാണ്.ഇംഗ്ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,706,20 ആണ്. ജനസംഖ്യയുടെ 3.13 ശതമാനം അല്ലെങ്കില്‍ മുപ്പതില്‍ ഒരാള്‍ക്ക് കോവിഡ് എന്ന സ്ഥിതിയാണുള്ളത്. വെയ്ല്‍സില്‍ 117,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജനസംഖ്യയുടെ 3.87 ശതമാനം അല്ലെങ്കില്‍ 25ല്‍ ഒരാള്‍ രോഗിയാണ്. വടക്കന്‍ അയര്‍ലന്‍ഡില്‍ 44,200 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ജനസംഖ്യയുടെ 2.41 ശതമാനം അല്ലെങ്കില്‍ 40ല്‍ ഒരാള്‍ രോഗബാധിതനാണ്.സ്‌കോട്ട്ലന്‍ഡില്‍ 144,400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനസംഖ്യയുടെ 2.74 ശതമാനം അല്ലെങ്കില്‍ 35ല്‍ ഒരാള്‍ക്ക് കോവിഡാണ്. യോര്‍ക്ഷയര്‍, ഹംബര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, തെക്കുകിഴക്കന്‍ മേഖലകളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ട്. ഇംഗ്ലണ്ടില്‍, 25-34 പ്രായക്കാരിലും 50-69 പ്രായക്കാരിലുമാണ് രോഗബാധ ഏറെയുള്ളത്. ഏഴ് മുതല്‍ പതിനൊന്ന് വരെ പ്രായമുള്ള കുട്ടികളിലും 70 വയസ്സിനു മുകളിലുള്ളവരിലും ഒക്ടോബര്‍ പത്തിന് ശേഷം അണുബാധ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വെയ്ല്‍സില്‍ എല്ലാ പ്രായക്കാരിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ, നാഷണല്‍ ഫ്‌ലൂ ആന്‍ഡ് കോവിഡ്-19 സര്‍വെയ്ലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒഎന്‍എസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *