റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിലേക്കും മിൽക്ക് ബാങ്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

September 18, 2022 - 6:58 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്‌എടി ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളജിലും മിൽക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു കേന്ദ്രത്തിൽ മിൽക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ഈ പദ്ധതി വിജയകരമായതിനെ തുടർന്നാണ് എസ്‌എടി ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും മിൽക്ക് ബാങ്ക് ആരംഭിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് കോഴിക്കോട് മെഡിക്കൽ കോളജും എസ്‌എടി ആശുപത്രിയും. എസ്‌എടിയിലും, തൃശൂർ മെഡിക്കൽ കോളജിലും മിൽക്ക് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ ഈ സർക്കാരിന്റെ കാലത്താണ് മിൽക്ക് ബാങ്ക് പ്രവർത്തന സജ്ജമാക്കിയത്. ഇതുവരെ 1813 കുഞ്ഞുങ്ങൾക്കാണ് ഇതിലൂടെ മുലപ്പാൽ നൽകാനായത്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തത്. 1,26,225 എംഎൽ മുലപ്പാൽ ശേഖരിച്ചു. 1,16,315 എംഎൽ മുലപ്പാൽ വിതരണം ചെയ്തു. 1370 എംഎൽ കൂടി വിതരണം ചെയ്യാൻ തയ്യാറായി.

സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മിൽക്ക് ബാങ്ക് സജ്ജമാക്കിയത്.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച്‌ വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച്‌ ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കൾ. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്കും മുലപ്പാൽ ദാനം ചെയ്യാം.

നാലോ അഞ്ചോ പേരിൽ നിന്ന് ശേഖരിച്ച പാൽ ഒന്നിച്ച്‌ ചേർത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കൾച്ചർ പരിശോധനകളും നടത്തുന്നതാണ്. ഫ്രീസറിനുളളിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമാണ് പാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്. മിൽക്ക് ബാങ്ക് മൊഡ്യൂൾ നിയോക്രാഡിൽ പോർട്ടലിൽ ലഭ്യമാക്കി. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലെ മിൽക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *