ന്യൂഡല്‍ഹി: പി.സി.സി. അധ്യക്ഷന്‍മാരെയും എ.ഐ.സി.സി. അംഗങ്ങളെയും ഇടക്കാല പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോടു നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പി.സി.സി. അധ്യക്ഷന്‍മാരെ നിര്‍ദേശിക്കാന്‍ പ്രമേയം പാസാക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പ പ്രക്രിയയെ ബാധിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20-നു മുമ്പ് പ്രമേയങ്ങള്‍ പാസാക്കണമെന്നാണു നിര്‍ദേശം. 22-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-നാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മത്സരിക്കാനില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രിയങ്കയെ നേതൃസ്ഥാനത്തെത്തിക്കാനും താല്‍പ്പര്യമില്ല. നെഹ്റു കുടുംബത്തോടു വിശ്വസ്തത പുലര്‍ത്തുന്ന അശോക് ഗെലോട്ടിനെപ്പോലെ ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകുന്നതാണ് ഹൈക്കമാന്‍ഡിന് താല്‍പ്പര്യം.

