റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുറന്നപോരിന് ഗവര്‍ണര്‍: അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ച് സി.പി.എം.

August 27, 2022 - 12:00 pm

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ തുറന്ന പോര് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ സി.പി.എം. അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ചു. ഓഗസ്റ്റ് 28 ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ഓഗസ്റ്റ് 29 ന് സംസ്ഥാന സമിതിയും അടിയന്തരമായി യോഗം ചേരും. സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പല ഭാഗത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് യോഗങ്ങളില്‍ ആലോചിക്കുക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരും യോഗങ്ങളില്‍ പങ്കെടുക്കും.ഗവര്‍ണറുടെ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനോടൊപ്പം പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളിലും ചില ആലോചനകള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചില ക്രമീകരണങ്ങളെക്കുറിച്ചും ഈ യോഗത്തില്‍ ആലോചിക്കും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. നേരത്തേ തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‌ കൈമാറിയിരുന്നു. അതുപോലൊരു ക്രമീകരണം ഒരുപക്ഷേ ഉണ്ടായേക്കും.

ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണറായി വന്നശേഷം നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതിനോടൊന്നും നേരിട്ട് ഏറ്റുമുട്ടേണ്ടതില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്. പൗരത്വ നിയമപ്രശ്ന സമയത്ത് ഗവര്‍ണറുടെ നിലപാടിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തയാറായപ്പോള്‍ പോലും സര്‍ക്കാര്‍ അതിനോട് യോജിച്ചില്ല. നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ ഉടക്കിട്ടപ്പോഴും സമന്വയത്തിന്റെ പാതയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുന്ന അവസരങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ അദ്ദേഹത്തെ നേരില്‍ക്കണ്ട് അനുനയിപ്പിക്കുന്ന രീതിയാണ് ഇതുവരെ തുടര്‍ന്നുപോന്നിരുന്നത്. എന്നാല്‍ ഇനി അത് വേണ്ടെന്നാണ് പൊതുവികാരം.

എന്നാല്‍, ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ തുറന്ന പോരിന് ഒരുങ്ങിയിരിക്കുമ്പോള്‍ പഴയ നിലപാട് ആവശ്യമാണോയെന്നാണ് സി.പി.എം. ചിന്തിക്കുന്നത്. എന്തായാലും ആരിഫ് മുഹമ്മദ് ഖാനെതിരേ സി.പി.എം. ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണു സൂചന. സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നത് ഇതിന്റെ ഭാഗമായാണ്. അപ്പോഴും സര്‍ക്കാര്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കഴിഞ്ഞദിവസം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ ഗവര്‍ണറുമായി തുറന്നപോരിന് തന്നെ തയാറെടുക്കുവെന്ന സൂചനയാണ് കോടിയേരിയും നല്‍കിയത്.

ആരിഫ് മുഹമ്മദ്ഖാന്റെ ഉടക്കുകളെ അനുകൂലമാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയ പ്രചാരണം നടത്തുകയെന്നതാണ് ഒന്നാമത്തെ തന്ത്രം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനുള്ള ബി.ജെ.പിയുടെ ആയുധമാക്കി ആരിഫ് മുഹമ്മദ്ഖാനെ ചിത്രീകരിക്കാനാണു ശ്രമം. കഴിഞ്ഞദിവസത്തെ കോടിയേരിയുടെ ലേഖനത്തിലും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലും ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. ഈ രീതിയിലായിരിക്കും വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ പ്രതികരണവും. അതോടൊപ്പം നിയമ നടപടികളെക്കുറിച്ചും ആലോചിക്കേണ്ടിവരുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂര്‍ വി.സിക്കെതിരേ നടപടിസ്വീകരിച്ചാല്‍ അത് തീര്‍ച്ചയായും കോടതി കയറും. ഇതോടൊപ്പം മറ്റ് വിഷയങ്ങളിലും സര്‍ക്കാരോ പാര്‍ട്ടിയോ നേരിട്ടല്ലാതെ നിയമനടപടികളിലേക്കു നീങ്ങുന്നതിനെക്കുറിച്ചും ആലോചിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും.സര്‍ക്കാരിന് തലവേദനയായി ഉയര്‍ന്നുവരുന്ന വിഴിഞ്ഞം സമരത്തിന്റെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. തുറമുഖം നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *