പട്ന: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച ജെ.ഡി.യു. വനിതാ എം.എല്‍.എയ്ക്കു മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രുപാലി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയും മുന്‍മന്ത്രിയുമായ ബിമാ ഭാരതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ”എല്ലാവരെയും എപ്പോഴും മന്ത്രിയാക്കാന്‍ കഴിയില്ല. അത്തരമൊരു പ്രതികരണം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടുള്ളതല്ല. അവരുമായി പാര്‍ട്ടി ചര്‍ച്ച നടത്തും. കാര്യങ്ങള്‍ മനസിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ മറ്റുവഴി തേടാം. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി നോക്കും”-നിതീഷ് പറഞ്ഞു.ബിമ ഭാരതിയെ രണ്ടുവട്ടം മന്ത്രിയാക്കിയിട്ടുണ്ട്. വായിക്കാന്‍ പോലും അറിയാത്ത അവരെ ഞങ്ങള്‍ പഠിപ്പിച്ചു, നിലനിര്‍ത്തി.
അവര്‍ ഇങ്ങനെ സംസാരിക്കുന്നതു കേട്ട് ഞാന്‍ അദ്ഭുതപ്പെടുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരുപാടു ബഹുമാനം നല്‍കി”-നിതീഷ് വ്യക്തമാക്കി. മുതിര്‍ന്ന നേതാവും ധംധാഹ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയുമായ ലേഷി സിങ്ങിനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണു ബിമ ഭാരതിയെ പ്രകോപിപ്പിച്ചത്.എപ്പോഴും ലേഷി സിങ്ങിനെ തെരഞ്ഞെടുക്കുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. അവരില്‍ എന്തു പ്രത്യേകതയാണ് മുഖ്യമന്ത്രി കണ്ടത്? ലേഷി കൊലപാതക കേസില്‍ ആരോപണവിധേയയാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ പറയുന്നത് എന്താണ് ആരും കേള്‍ക്കാത്തത്? ഞാന്‍ പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണോ?” ബിമ ചോദിക്കുന്നു. ലേഷി സിങ്ങിനെ മന്ത്രി സ്ഥാനത്തുനിന്നു നീക്കിയില്ലെങ്കില്‍ താന്‍ എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുമെന്നും അവര്‍ പറഞ്ഞു.അതേസമയം, ലേഷി സിങ് 2013, 2014, 2019 വര്‍ഷങ്ങളില്‍ മന്ത്രിയായിരുന്നെന്നും അന്ന് അവര്‍ക്കെതിരെ ഇതുപോലത്തെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതെല്ലാം അര്‍ത്ഥശൂന്യമാണെന്നും നിതീഷ് പറഞ്ഞു.നിലവില്‍ ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് ലേഷി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭര്‍ത്താവിനെ ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതടക്കം ഒട്ടനവധി ആരോപണങ്ങള്‍ ബിമാ ഭാരതിക്കെതിരേ ഉയര്‍ന്നിരുന്നു.



