ട്രംപിന്റെ വസതിയിലെ പരിശോധന ആയുധമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ നടന്ന എഫ്.ബി.ഐ. റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതൃത്വം രംഗത്തെത്തി. ഫ്‌ളോറിഡയിലെ തന്റെ വസതിയായ മാര്‍ എ ലാഗോയില്‍ റെയ്ഡ് നടന്ന വിവരം 08/08/2022 തിങ്കളാഴ്ച വൈകിട്ട് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. അതീവപ്രാധാന്യമുള്ള രഹസ്യരേഖകള്‍ വൈറ്റ് ഹൗസില്‍ നിന്ന് സ്വകാര്യ വസതിയില്‍ എത്തിച്ചു കൈകാര്യം ചെയ്തുവെന്ന ആരോപണം സംബന്ധിച്ചായിരുന്നു ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.എ, നീതിന്യായ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പരിശോധന. യു.എസ്. ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും മുന്‍ പ്രസിഡന്റിന്റെ വസതിയില്‍ പരിശോധന നടക്കുന്നത്. നീതിന്യായ വകുപ്പിന്റെ ഉന്നത തലങ്ങളില്‍ നിന്നുള്ള അനുമതിയോടെയായിരുന്നു പരിശോധനയെന്നാണ് വിവരം.

പരിശോധനയ്ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും നീതിന്യായ വകുപ്പ് മേധാവിയായ അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് മറുപടി പറയണമെന്നും ട്രംപിനു കീഴില്‍ വൈസ്പ്രസിഡന്റായിരുന്ന മൈക് പെന്‍സ് ആവശ്യപ്പെട്ടു. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം പെന്‍സ് വീണ്ടും മത്സര രംഗത്തെത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതിനിടെ, നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിച്ചാല്‍ റെയ്ഡ് വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസിലെ ട്രംപ് അനുകൂലികള്‍ വ്യക്തമാക്കി. അതേസമയം, പരിശോധന സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന് എഫ്.ബി.ഐ. മുന്‍കൂട്ടി വിവരം നല്‍കിയിരുന്നില്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം