രാജസ്ഥാൻ: രാജസ്ഥാൻ സിക്കാറിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ 08/08/22 തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദർശനം നടത്താൻ എത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ചന്ദ്ര കലണ്ടറിലെ പതിനൊന്നാം ദിവസമായ 08/08/22 തിങ്കളാഴ്ച ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്റെ വാതിൽ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ഗേറ്റുകൾ തുറന്ന് ആളുകൾ അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ച ഉടൻ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാൻ കാരണമായി. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
പരിക്കേറ്റവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ജനക്കൂട്ടത്തെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ഒരു സംഘം പോലീസ് ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന ക്ഷേത്രങ്ങളിൽ ഒന്നാണ്.

