റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീറ്റ് പരീക്ഷക്കെത്തി അപമാനം നേരിട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി

July 28, 2022 - 6:59 am

കൊച്ചി : കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെൺ കുട്ടികളുടെ അടിവസ്ത്രം അഴിച്ച പരിശോധന നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.

അപമാനം നേരിട്ട കുട്ടികൾക്ക് സൗജന്യമായി കൗൺസിലിംഗ് നൽകണമെന്നും കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന് ദേശീയതലത്തിൽ പൊതു മാനദണ്ഡം ഇല്ലാത്താതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതു മാനദണ്ഡം കൊണ്ടുവരാൻ ഹൈക്കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്.

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാർക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവ‍ർക്കും ജാമ്യം അനുവദിച്ചത്.

പരീക്ഷാ കേന്ദ്രത്തിൻറെ ചുമതലയുള്ള അധ്യാപകനും എൻടിഎ നിയോഗിച്ച ഒബ്സർവറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ പെൺകുട്ടികൾ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എൻടിഎക്ക് കത്ത് നൽകിയ വ്യക്തിയാണ് പ്രജി കുര്യൻ ഐസക്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പെൺകുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. കര‌ഞ്ഞു കൊണ്ട് നിന്ന ഒരു വിദ്യാർഥിനിക്ക് ഷാൾ എത്തിച്ച് നൽകിയതും പ്രജി തന്നെയാണ്.

അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാർ ജീവനക്കാരും പൊലീസിന് മൊഴി നൽകിയിരുന്നു. ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിൻറെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്. സംഭവത്തിൽ കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *