രാജ്കോട്ട്: ഗുജറാത്തിലെ ബോട്ടാട് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 37 പേര്‍ മരിച്ചു. അറുപതോളം പേര്‍ ചികിത്സയില്‍. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു റിപ്പോര്‍ട്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദ്യക്കടത്തുകാരന്‍ വിതരണം ചെയ്ത വ്യാജമദ്യമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 40,000 രൂപയ്ക്ക് ഇയാള്‍ 600 ലിറ്റര്‍ മദ്യം വിറ്റുവെന്നാണ് വിവരം.
ദുരന്തത്തിന്റെ ഇരകളില്‍ ഏറെപ്പേരും കര്‍ഷകരും തൊഴിലാളികളുമാണ്. വീര്യമുള്ള മെതനോള്‍ കലര്‍ത്തിയ മദ്യമാണ് ഇവര്‍ കഴിച്ചതെന്ന് കരുതപ്പെടുന്നു. മദ്യത്തില്‍ 98 ശതമാനവും മെതനോള്‍ ആയിരുന്നതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായതെന്നാണ് പോലീസ് അനുമാനിക്കുന്നത്. വ്യാജമദ്യ വിതരണത്തില്‍ പങ്കാളികളെന്നു സംശയിക്കുന്ന ചിലരെ പിടികൂടിയിട്ടുണ്ടെന്നും ബര്‍വേല, റാന്‍പുര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
രാസവസ്തു സൂക്ഷിക്കുന്ന ഗോഡൗണിന്റെ ഉടമയായ ജയേഷ് ഖവന്തിയ എന്നയാളെ ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മരിച്ചവരില്‍ എട്ടുപേര്‍ ധന്‍ഡുക താലൂക്കിലുള്ളവരാണെന്നന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ ഭവനഗറിലെ സര്‍ ടി ആശുപത്രയിലും മറ്റുള്ളവര്‍ അഹമ്മദാബാദ് സിറ്റി ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില വഷളായിട്ടും മദ്യം കഴിച്ച പലരും ആദ്യം ചികിത്സ തേടിയിരുന്നില്ലെന്നു പറയപ്പെടുന്നു. വിവരം പുറത്തറിഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നു. ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്താനും ആശുപത്രിയിലെത്തിക്കാനുമായി ഗ്രാമവാസികളെ ഉള്‍പ്പെടുത്തി പോലീസ് നൂറോളം സംഘങ്ങളെ രൂപീകരിച്ചു.