പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിന്റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവർക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിർത്തിയിരിക്കുകയാണെന്നും അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് എച്ച് ആർ ഡി എസ് ആയിരുന്നു.
സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യല്ലിൽ പൊലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആർഡിഎസിനെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ടെന്നും അജി കൃഷ്ണൻ വ്യക്തമാക്കി. അതേ സമയം ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ആദിവാസി ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസിൽ പാലക്കാട് എച്ച് ആർ ഡി എസ് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിൻറെ വിശദീകരണം തേടി. ജോജി മാത്യു, വേണുഗോപാൽ, ആത്മനാമ്പി എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഷോളയൂർ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. ഹർജി 2022 ജൂലൈ 22 വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.



