ചെന്നൈ, ജൂൺ 3:
തമിഴ്നാട് ബിജെപിയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെച്ച് കെ. അണ്ണാമലൈ പാർട്ടി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചതായി സൂചന. പാർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കാനും പുതിയൊരു രാഷ്ട്രീയ സംഘടന രൂപീകരിക്കാനുമുള്ള താത്പര്യവും അണ്ണാമലൈ പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളുമായി അണ്ണാമലൈ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയ്യാറായില്ല. ബുധനാഴ്ച നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ ചർച്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
അമിത് ഷായുടെ വസതിയിലെത്തിയ അണ്ണാമലൈ, ദേശീയ നേതാക്കളോട് വ്യക്തിപരമായി ബഹുമാനം മാത്രമാണുള്ളതെങ്കിലും തമിഴ്നാട് ബിജെപിയിൽ ഇനി തുടരാനാകില്ലെന്ന നിലപാടാണ് അറിയിച്ചതെന്നാണ് റിപ്പോർട്ട്. അതിന് മറുപടിയായി ഒരു ദിവസം കൂടി ഡൽഹിയിൽ തുടരാൻ അമിത് ഷാ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന നേതാവാണ് അണ്ണാമലൈ. ശക്തമായ പ്രസംഗശൈലിയും ആക്രമണ രാഷ്ട്രീയവുമാണ് അദ്ദേഹത്തെ ദേശീയ തലത്തിലും ശ്രദ്ധേയനാക്കിയത്. അത്തരമൊരു നേതാവ് പാർട്ടി വിടുകയാണെങ്കിൽ അത് തമിഴ്നാട് ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇനി അണ്ണാമലൈ യഥാർത്ഥത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമോ, ബിജെപി നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന പ്രധാന ചർച്ച.