ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്ഥാനക്കയറ്റം. ആറു വര്‍ഷത്തിനുശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദ്യ പത്തില്‍നിന്നു പടിയിറക്കം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മിന്നുംപ്രകടനം പന്തിനെ അഞ്ചാം റാങ്കിലെത്തിച്ചപ്പോള്‍ വിരാട് കോഹ്ലി 13-ാം സ്ഥാനത്തേക്ക് തെറിച്ചു.
കഴിഞ്ഞ റാങ്കിങ്ങില്‍ ഒന്‍പതാം റാങ്കിലായിരുന്നു കോഹ്ലി. 2016-നുശേഷം ഇതാദ്യമായാണ് കോഹ്ലി ആദ്യപത്തില്‍ ഉള്‍പ്പെടാതിരിക്കുന്നത്. ഒന്‍പതാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(746 റേറ്റിങ് പോയിന്റ്) യാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം.
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇം ണ്ടിനെ തുണച്ച രണ്ട് ഇന്നിങ്സിലെയും സെഞ്ചുറി പ്രകടനം ജോണി ബെയര്‍സ്റ്റോ(742 റേറ്റിങ് പോയിന്റ്) യെ പത്താം റാങ്കിലെത്തിച്ചു. 11 സ്ഥാനം പിന്നില്‍നിന്നാണ് ബെയര്‍സ്റ്റോയുടെ കുതിപ്പ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുംമുമ്പ് 47-ാം സ്ഥാനത്തായിരുന്നു ബെയര്‍സ്റ്റോ. 2018-ലാണ് ബെയര്‍സ്റ്റോ ഇതിന് മുമ്പ് ആദ്യ പത്തു സ്ഥാനങ്ങളിലൊന്ന് അലങ്കരിച്ചത്.
തകര്‍പ്പന്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആദ്യസ്ഥാനം നിലനിര്‍ത്തി. 923 റേറ്റിങ് പോയിന്റാണ് റൂട്ടിനുള്ളത്. 879 പോയിന്റോടെ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നും 826 പോയിന്റുമായി ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാകിസ്താന്റെ ബാബര്‍ അസമി(815) നു പിന്നില്‍ 801 പോയിന്റാണ് അഞ്ചാം സ്ഥാനത്തുള്ള ഋഷഭ് പന്തിനുള്ളത്. ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണ്‍, ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ, ശ്രീലങ്കയുടെ ദിമുത് കരുണരത്നെ എന്നിവരാണ് ആറുമുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍.
900 റേറ്റിങ് പോയിന്റോടെ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബൗളര്‍മാരിലെ ആദ്യസ്ഥാനക്കാരന്‍. ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍ (842), ജസ്പ്രീത് ബുംറ (828) എന്നിവര്‍ രണ്ടും മൂന്നും റാങ്കിലുണ്ട്.പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദി(827), ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ(818), ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ (811), ന്യൂസിലന്‍ഡിന്റെ കെയില്‍ ജാമിസണ്‍ (788), വെസ്റ്റിന്‍ഡീസിന്റെ കെമാര്‍ റോച്ച് (756), ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്‌നര്‍ (747), ഓസീസിന്റെ ജോഷ് ഹെയ്സല്‍വുഡ് (744) എന്നിവരാണ് നാലുമുതല്‍ 10 വരെ സ്ഥാനങ്ങളില്‍.
ഓള്‍റൗണ്ടര്‍മാരില്‍.ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്), ജാസണ്‍ ഹോള്‍ഡര്‍ (വെസ്റ്റിന്‍ഡീസ്), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), പാറ്റ് കമ്മിന്‍സ് (ഓസ്ട്രേലിയ), കൈല്‍ മെയേഴ്സ് (വെസ്റ്റിന്‍ഡീസ്), കോളിന്‍ ഡി ഗ്രാന്തോം (ന്യൂസിലന്‍ഡ്), കൈല്‍ ജാമിസണ്‍ (ന്യൂസിലന്‍ഡ്) എന്നിവരാണ് ആദ്യപത്തിലുള്ളത്.

