റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി: മൂന്നാം സ്ഥാനം നേടി മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍

June 17, 2022 - 11:10 pm

മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി പുരസ്‌ക്കാരത്തില്‍ മൂന്നാം സ്ഥാനം നേടി എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍. ക്രമസമാധാന പാലനം,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ലപെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍, വെഹിക്കിള്‍ മാനേജ്‌മെന്റ്, ഓഫീസ് മാനേജ്‌മെന്റ് തുടങ്ങി 27 മേഖലകളിലെ മികവ് പരിഗണിച്ചാണു മൂന്നാം സ്ഥാനത്തെത്തിയത്.

2021- 22 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 700 കേസുകളില്‍ 670 കേസുകളിലും അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചു. പോക്‌സോ കേസുകള്‍, കൊലപാതക കേസുകള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന സ്റ്റേഷന്‍ പരിധിയിലെ മികച്ച ക്രമസമാധാന പാലനം, പൊതുജനസേവനം എന്നിവയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.

വൃത്തിയായി സൂക്ഷിച്ചിട്ടുള്ള സ്റ്റേഷന്‍ പരിസരം, സ്റ്റേഷന്‍ റെക്കോര്‍ഡുകളുടെ പരിപാലനം, വാഹനത്തിന്റെ ഉപയോഗം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളിലും മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷനായ മുളന്തുരുത്തിയില്‍ 9 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 42 പേര്‍ ജോലിനോക്കുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍മാരായ കെ.എ മുഹമ്മദ് നിസാര്‍, പി.എസ് ഷിജു എന്നിവരാണ് 2021- 22 ല്‍ സ്റ്റേഷന്റെ ചുമതല വഹിച്ചവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *