ഭോപ്പാല്‍: മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബി.ജെ.പി. നേതാവിന്റെ ഭര്‍ത്താവിനെതിരേ പോലീസ് കൊലപാതകക്കുറ്റത്തിനു കേസെടുത്തു. വയോധികനെ വനിതാ നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ് നടപടി. രത്ലാം ജില്ലയിലെ സാര്‍സി സ്വദേശി ഭവന്‍ലാല്‍ ജെയിന്‍(65) മരിച്ച സംഭവത്തില്‍ ബി.ജെ.പി. വനിതാ നേതാവിന്റെ ഭര്‍ത്താവ് ദിനേശ് കുശ്വാഹയ്ക്കെതിരേയാണു കേസെടുത്തത്. മുഹമ്മദ് എന്നാണോ പേര് എന്നു ചോദിച്ച് ഭവന്‍ലാലിനെ ദിനേശ് കുശ്വാഹ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. രാജസ്ഥാനിലെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ഭവന്‍ലാലിനെ കഴിഞ്ഞ 15-ന് കാണാതായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭവന്‍ലാലിനെ മധ്യപ്രദേശിലെ നീമുച് ജില്ലയില്‍ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നത്. ബെഞ്ചിലിരിക്കുന്ന ഭവന്‍ലാലിനെ കുശ്വാഹ മര്‍ദിക്കുകയും പേര് മുഹമ്മദ് എന്നാണോ എന്നു ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്.പേര് കൃത്യമായി പറയാനും ആധാര്‍ കാര്‍ഡ് കാണിക്കാനും ആവശ്യപ്പെടുന്ന കുശ്വാഹ, ഭവന്‍ലാലിന്റെ മുഖത്തടിക്കുന്നതും വ്യക്തമാണ്. മാനസിക വെല്ലുവിളി നേരിടുന്ന വയോധികന്‍ പണം നല്‍കാന്‍ ശ്രമിക്കുകയും എന്നാല്‍, അതവഗണിച്ച് മര്‍ദനം തുടരുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഭവന്‍ലാലിന്റെ കുടുംബം പോലീസ് സ്റ്റേഷനിലെത്തുകയും ദിനേശ് കുശ്വാഹയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വീഡിയോ ചിത്രീകരിച്ചത് വ്യാഴാഴ്ചയാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.


