ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. അതിനു വേണ്ട കാര്യങ്ങൾ കശ്മീരിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇനിയൊരിക്കലും അവർ കുടിയൊഴിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഫയൽസ് സിനിമയെയും മോഹൻ ഭഗവത് പുകഴ്ത്തി.
“നിങ്ങളെ കശ്മീർ താഴ്‌വരയിലേക്ക് തിരികെ എത്തിക്കുമെന്ന ഞങ്ങളുടെ പ്രതിജ്ഞ നിറവേറ്റാൻ ഇനി ഏറെ ദിവസങ്ങളെടുക്കില്ല. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും വെല്ലുവിളികളുണ്ടാവും. മൂന്ന്-നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ സ്വന്തം രാജ്യത്ത് നമുക്ക് ഇടം നഷ്ടമായി.”- കശ്മീരി പണ്ഡിറ്റുകളുടെ നവ്‌രേഹ് ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.














