തിരുവനന്തപുരം: സിൽവർലൈൻ സമരങ്ങളിൽ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. സമാധാനപരമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം. ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയില്ല എന്ന ഉത്ഘണ്ടയുടെ പ്രതിഷേധമണ്. കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവിന്റെ പ്രതിഷേധമാണ്’- വി.ഡി സതീശൻ പറഞ്ഞു.
കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തിയിരുന്നു. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.



