പഞ്ചാബില്‍ ആപ് സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍

ധുരി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (ആപ്) സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിങ് മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റത്തിനു തുടക്കമിട്ട് ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുണ്ടാകില്ല. പകരം ഭഗത് സിങ്ങിന്റെയും ബി.ആര്‍. അംബേദ്കറുടെയും ചിത്രങ്ങളാകും ഓഫീസുകള്‍ക്ക് അലങ്കാരമാകുകയെന്നും മാന്‍ പറഞ്ഞു. പതിവില്‍നിന്നു വ്യത്യസ്തമായി ആപ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലാകില്ല. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്കഡ് കലാമിലെ വേദിയിലാകും സത്യപ്രതിജ്ഞ. തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വൈകാതെ തീരുമാനിക്കും- മാന്‍ അറിയിച്ചു. ഔദ്യോഗികമായി അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് ഭരണമാറ്റത്തിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകും. സ്‌കൂള്‍, ആരോഗ്യം, വ്യവസായം, കാര്‍ഷികാഭിവൃദ്ധി, സ്ത്രീസുരക്ഷ, കായികവികസനം തുടങ്ങിയ മേഖലകള്‍ക്കാകും പ്രഥമപരിഗണന. ആപ്പിനു വോട്ട് ചെയ്യാത്തവരും വിഷമിക്കേണ്ട. സമസ്തവിഭാഗത്തിന്റെയും പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. സംസ്ഥാന പുരോഗതിക്കായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നും മാന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം