ദില്ലി: രാജ്യത്ത് വീണ്ടും വമ്പൻ കമ്പനിയുടെ വായ്പാ തട്ടിപ്പ് എബിജി ഷിപ്പ്യാർഡ് ) കമ്പനിയാണ് 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. എസ്ബിഐ (SBI) അടക്കമുള്ള 28 ബാങ്കുകളുടെ കൺസോർഷ്യമാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സിബിഐ (CBI) കേസെടുത്തു. എട്ട് പ്രതികളാണ് കേസിലുള്ളത്. സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ തട്ടിപ്പാണിത്. കേസുമായി ബന്ധപ്പെട്ട് സൂറത്ത് അടക്കമുള്ള സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. കമ്പനിയും കേസിൽ പ്രതിയാണ്. കമ്പനി ഡയറക്ടർമാരായ റിഷി അഗർവാൾ, സന്തനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവരും പ്രതികളാണ്. നീരവ് മോദിയും മെഹുൽ ചോക്‌സിയും അടക്കമുള്ളവർ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിയതിനേക്കാൾ കൂടുതൽ തുകയാണ് എബിജി ഷിപ്പ്യാർഡ് തട്ടിയെടുത്തതെന്ന് സിബിഐ കേസിൽ നിന്ന് വ്യക്തമാകുന്നു
എസ്ബിഐയുടെ പരാതിയിൽ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിൽ 2012 ഏപ്രിൽ -2017 ജൂലൈ കാലത്ത് കമ്പനി അധികൃതർ വായ്പയെടുത്തതായി വ്യക്തമായി. തുക വകമാറ്റി, വിശ്വാസ വഞ്ചന നടത്തി, രേഖകളിൽ കൃത്രിമം കാട്ടി തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂറത്തിൽ 18000 ഡെഡ് വെയ്റ്റ് ടണേജ് വരെ ഭാരമുള്ള കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷിയും ദഹേജിൽ 120000 ഡെഡ് വെയ്റ്റ് ടണേജ് വരെ ശേഷിയുള്ള കപ്പലുകൾ നിർമ്മിക്കാനും കമ്പനിക്ക് കഴിയും. ഇതുവരെ 165 കപ്പലുകൾ ഇവ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ 46 എണ്ണം വിദേശത്തേക്കുള്ളവയായിരുന്നു.
16 വർഷമായി മേഖലയിൽ കമ്പനി പ്രവർത്തിച്ച് വരുന്നുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് കമ്പനിക്ക് വായ്പാ തിരിച്ചടവ് ദുഷ്‌കരമാക്കിയത്. എസ്ബിഐക്ക് 2925 കോടി, ഐസിഐസിഐ ബാങ്കിന് 7089 കോടി, ഐഡിബിഐക്ക് 3634 കോടി, ബാങ്ക് ഓഫ് ബറോഡയ്ക്ക് 1614 കോടി, പഞ്ചാബ് നാഷണൽ ബാങ്കിന് 1244 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിന് 1228 കോടിയുമാണ് കമ്പനി നൽകാനുള്ളത്

