തൃശ്ശൂർ: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി.) 2021ന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്റര്‍-കണ്‍ട്രി താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐ.സി.പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഐ.സി.പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ മാര്‍ക്കറ്റുകളും കടകളും സന്ദര്‍ശിച്ച് പ്രധാനപ്പെട്ട മുഴുവന്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും വില ശേഖരിയ്ക്കും. പച്ചക്കറികള്‍, പഴങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, ചെരുപ്പ്, ഫര്‍ണീച്ചറുകള്‍, പെയിന്റിങ് സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മരുന്നുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, ടി.വി., കമ്പ്യൂട്ടര്‍, ബാഗ്, കുട, വാച്ച്, സ്വര്‍ണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്. 2021 ല്‍ വിനിമയം നടന്നിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വിലയാണ് അതാതു മാസങ്ങളില്‍ ശേഖരിക്കുകയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍. എഫ് അറിയിച്ചു.




