ന്യൂഡല്‍ഹി: ഏഷ്യന്‍ സാമ്പത്തിക ശക്തികളില്‍ ജപ്പാനെ മറികടക്കാനൊരുങ്ങി ഇന്ത്യ. എട്ടുവര്‍ഷത്തിനകം ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട്. ഐ.എച്ച്.എസ്. മാര്‍ക്കിറ്റ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടാണ് വിലയിരുത്തലുകള്‍ക്ക് ആധാരം.
കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്രംഗം അതിവേഗം കരകയറുകയാണെന്നു റിപ്പോര്‍ട്ട് പറയുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ചയുടെ ഗതിവേഗം കണക്കിലെടുത്താന്‍ സമീപഭാവിയില്‍ത്തന്നെ ഏഷ്യന്‍ സാമ്പത്തിക ശക്തികളില്‍ ഇന്ത്യ രണ്ടാമതാകും. ജപ്പാനെ പിന്നിലാക്കിയാകും ഇന്ത്യയുടെ കുതിപ്പ്. കീഴ്മേല്‍ മറിക്കുന്ന തിരിച്ചടികളൊന്നും സംഭവിച്ചില്ലെങ്കില്‍ സാമ്പത്തിക ശക്തികളുടെ ആഗോളപട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയരാനും സാധ്യതയേറെ. പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, യു.കെ. എന്നീ രാജ്യങ്ങളാണ് ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ജി.ഡി.പി. അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളില്‍ അധികം വൈകാതെ ഇന്ത്യന്‍ സമ്പദ്രംഗം ജര്‍മനി, യു.കെ. എന്നിവയെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തുമെന്നും കണക്കുകള്‍ നിരത്തി മാര്‍ക്കിറ്റ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 2.7 ട്രില്യണ്‍ യു.എസ്. ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. 2030 ആകുമ്പോള്‍ ഇത് 8.4 ട്രില്യണ്‍ യു.എസ്. ഡോളറായി വര്‍ധിക്കുമെന്നാണ് അനുമാനം. സമ്പദ്രംഗത്തിന്റെ വളര്‍ച്ചയുടെ ത്വരിതഗതി 2030-ല്‍ ജപ്പാനെ പിന്നിലാക്കി ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യയെ രണ്ടാമതെത്തിക്കും. ഈ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പടിഞ്ഞാറന്‍ യൂറോപ്യന്‍ ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നിവയെ പിന്നിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജി.ഡി.പി.
വളര്‍ച്ചാനിരക്ക് 8.2 ശതമാനമായാണ് ഗണിക്കപ്പെട്ടിരിക്കുന്നത്. 2020-21 വര്‍ഷത്തെ 7.3 ശതമാനത്തില്‍നിന്നുള്ള കരകയറ്റം കൂടിയാകുമിത്.അടുത്ത ദശകത്തിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളുടെ ഗണത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-23 വര്‍ഷം സമ്പദ്വ്യവസ്ഥ 6.3 ശതമാനം നിരക്കില്‍ കുതിക്കും. വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പല ഘടകങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്. മധ്യവര്‍ഗക്കാരുടെ ചെലവഴിക്കല്‍ ശേഷി വര്‍ധിച്ചതാണ് അതില്‍ സുപ്രധാനം. അതിവേഗം വളരുന്ന ആഭ്യന്തര ഉപഭോക്തൃ രംഗവും വമ്പന്‍ വ്യവസായ മേഖല തുറന്നിട്ടിരിക്കുന്ന സാധ്യതകളും ഇന്ത്യയെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമാക്കും. ഉല്‍പാദന, അടിസ്ഥാന സൗകര്യ, സേവന മേഖലകളിലടക്കം ആഗോളതലത്തിലെ മുന്‍നിരക്കാര്‍ ഇന്ത്യയിലേക്കു കണ്ണെറിയുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



