ഹൈലൈറ്റുകൾ
- സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനഭൂമി സംബന്ധിച്ച വിവരശേഖരണത്തിനായി ഫീൽഡ് കമ്മിറ്റികൾ രൂപവത്കരിച്ചു.
- വനമായി രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ ജനവാസ മേഖലയായ സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റികൾക്ക് നിർദേശം നൽകി.
- കേന്ദ്ര സർക്കാരിന്റെ വൻ (സംരക്ഷൺ ഏവം സംവർധൻ) ചട്ടങ്ങൾ, 2023 പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.
- സ്വകാര്യ ഉടമസ്ഥതയിലുള്ള കാവുകൾ, 1977-ന് മുമ്പ് ആളുകൾ കൈവശം വച്ച ഭൂമി, 1980-ന് മുമ്പ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി എന്നിവയുടെ വിവരങ്ങളും ശേഖരിക്കും.
- ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായി പ്രവർത്തിക്കുകയും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്
.എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ .
കോഴിക്കോട്: സംസ്ഥാനത്ത് വനമായി രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍, നിലവില്‍ ജനവാസമേഖലകളായി മാറിയതുമായ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമിയെക്കുറിച്ചുള്ള വിവരശേഖരണത്തിനു വനംവകുപ്പ്. ഇതിനായി ഫീല്‍ഡ്തല പരിശോധനകള്‍ നടത്താന്‍ എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപവത്കരിച്ചു. ജനവാസമേഖലയായതിനാല്‍ ഇനി വനമായി പുനഃസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിറ്റികള്‍ക്ക് നിര്‍ദേശമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദേശപ്രകാശമാണ് നടപടി.
വനസംരക്ഷണവുമായി ബന്ധപ്പെട്ട വന്‍ (സംരക്ഷണ് ഏവം സംവര്‍ധന്‍ ) ചട്ടങ്ങള്‍, 2023-ലെ റൂള്‍ 16(1) അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദേശപ്രകാശമാണ് വനംവകുപ്പിന്റെ നടപടി. സംസ്ഥാനത്തെ വനഭൂമിയുടെ ഏകീകൃത റിക്കാര്‍ഡ് തയാറാക്കുന്നതിനാണ് ഫീല്‍ഡ് പരിശോധന നടത്തുന്നതെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. പ്രധാനമായും ആറു വിഷയങ്ങളിലാണ് കമ്മിറ്റികള്‍ പരിശോധന നടത്തുക.
സ്വകാര്യ ഉടമസ്ഥതയിലുള്ള കാവുകള്‍, വനമെന്ന് തോന്നിപ്പിക്കാവുന്ന മറ്റു പ്രദേശങ്ങള്‍ എന്നിവയുടെ വിവരശേഖരണം, 1977നു മുന്‍പു മുതല്‍ ആളുകള്‍ കൈവശം വച്ചുവരുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍, 1980നു മുന്‍പ് മുതല്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും കമ്മിറ്റികള്‍ ശേഖരിക്കണം.
ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം
സംസ്ഥാനത്തെ മുഴുവന്‍ വനഭൂമിയുടെയും ഏകീകൃത റിക്കാര്‍ഡ് തയാറാക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധ സമിതിക്കാണു ഫീല്‍ഡ് കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായ സമിതിയില്‍ ജില്ലയിലെ സീനിയര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മെമ്പര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും ജില്ലയിലെ മറ്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലോ ഓഫീസര്‍, ജില്ലാ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയെന്നതും ചട്ടങ്ങളുടെ ലക്ഷ്യമാണ്.
വന്‍ (സംരക്ഷന് ഏവം സംവര്‍ധന്‍) ചട്ടങ്ങള്‍, ഇന്ത്യയിലെ വനഭൂമി സംരക്ഷിക്കുന്നതിനും സുസ്ഥിരവികസനത്തിനും വേണ്ടി കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപ്പാക്കിയ നിയമങ്ങളാണിവ. ഏറ്റവും പുതിയ വന്‍ (സംരക്ഷന് ഏവം സംവര്‍ധന്‍) ഭേദഗതി ചട്ടങ്ങള്‍ പ്രകാരം 40 ഹെക്ടറില്‍ കൂടുതല്‍ വനഭൂമി ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിശോധനയ്ക്ക് പുറമേ ഉയര്‍ന്ന റാങ്കിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയും നിര്‍ബന്ധമാണ്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയെന്നതും ചട്ടങ്ങളുടെ ലക്ഷ്യമാണ്.
വനം നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അധികാരം
വന്‍ സംരക്ഷണ് ഏവം സംവര്‍ധന്‍ ചട്ടങ്ങളിലെ റൂള്‍ 16 (1) പരാമര്‍ശിക്കുന്നത് വനം നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അധികാരത്തെക്കുറിച്ചാണ്. വനനിയമങ്ങള്‍ ലംഘിച്ചുവെന്നു പ്രാഥമികമായി കണ്ടെത്തിയാല്‍, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വഴി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക്) പ്രതികള്‍ക്കതിരേ കോടതിയില്‍ പരാതി നല്‍കാം.
കോടതിയില്‍ പരാതി ഫയല്‍ ചെയ്യുന്നതിനു മുന്‍പായി, കുറ്റാരോപിതരായ വ്യക്തികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണം. ഇതിനായി കുറഞ്ഞത് 60 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് നല്‍കണം.

