17 കാരി കുഴഞ്ഞു വീണു മരിച്ചതിനു കാരണം പേവിഷബാധയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പത്തനാപുരം : മന്ത്രവാദ ചികിത്സയ്ക്കു പോകും വഴി പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചതിന്റെ കാരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദൻ എന്ന പൊടിമോന്റെ മകൾ ‘ആർച്ചയുടെ മരണമാണ് പേവിഷബാധ മൂലമാണെന്നു തെളിഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ് മോർടം.അതേ സമയം കുട്ടിക്ക് പേവിഷബാധ ഏറ്റത് എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.

സെപ്റ്റംബർ മാസം 13 നാണ് ളാഹയിലേക്ക് മന്ത്രവാദ ചികിത്സയ്ക്ക് കൊണ്ടു പോകവേ പെൺകുട്ടി മരണമടഞ്ഞത്. സെപ്റ്റംബർ 14 നായിരുന്നു പോസ്റ്റ്മോർട്ടം . ഇതിന്റെ റിപ്പോർട്ട് പ്രകാരം തലച്ചോറിന് പൂർണമായും വൈറസ് ബാധയേറ്റിരുന്നു.

മരിക്കുന്നതിന് ഒരാഴ്ച മുൻപ് സഹോദരിയോടൊപ്പം ആർച്ച അടൂരിരിൽ താമസിച്ചിരുന്നു. സെയിൽസ് ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആർച്ച പലയിടങ്ങളിലും പോയതായി സൂചനയുണ്ട്. അടൂരിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ആർച്ച അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നുവെങ്കിലും ബന്ധുക്കൾ മന്ത്രവാദ ചികിത്സയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം ആർച്ചയെയും അയൽവാസിയായ കുഞ്ഞുമോനെയും കോളനിയിൽ തന്നെ വളർത്തിയിരുന്ന ഒരു നായ ഒരു വർഷം മുൻപ് കടിച്ചിരുന്നതായി പറയപ്പെടുന്നു. കുഞ്ഞുമോൻ 2021 മാർച്ച് 4 ന് കുഴഞ്ഞു വീണു മരിച്ചിരുന്നു. ആർച്ചയ്ക്കുണ്ടായ ലക്ഷണങ്ങൾ തന്നെയായിരുന്നു കുഞ്ഞുമോനും ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Share
അഭിപ്രായം എഴുതാം