ടോക്യോ: ഒളിമ്പിക്‌സ് ഹോക്കി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഹോക്കി ഫൈനലില്‍ ഇടംപിടിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ 02/08/21 തിങ്കളാഴ്ച രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളാണ് ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. മിന്നുന്നൊരു ഡ്രാഗ് ഫ്‌ളിക്കിലൂടെയായിരുന്നു ഗുര്‍ജിത്തിന്റെ ഗോള്‍ നേട്ടം.
ആദ്യ ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ചായിരുന്നു ഓസീസിന്റെ തുടക്കം. എന്നാല്‍ രണ്ടാം മിനിറ്റില്‍ ആംബ്രോസിയ മെലോണ്‍ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ആ ഒരു നീക്കത്തിനു പിന്നാലെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി അവസാനിച്ചതിനു പിന്നാലെ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ ലീഡ് നേടി. 22-ാം മിനിറ്റില്‍ ലഭിച്ച അവസരം ഇന്ത്യന്‍ താരം ഗുര്‍ജിത് കൃത്യമായി മുതലാക്കുകയായിരുന്നു. ലീഡ് നേടിയതോടെ എതിരാളികളുടെ ആക്രമണങ്ങളെ ചെറുക്കുകയെന്ന മികച്ച പ്രതിരോധ തന്ത്രമാണ് ഇന്ത്യ പുറത്തെടുത്തത്.
തുടര്‍ന്നുള്ള രണ്ടു ക്വാര്‍ട്ടറുകളിലും ഇന്ത്യ പ്രതിരോധാത്മക തന്ത്രം തന്നെയാണ് പുറത്തെടുത്തത്. അവസാന ക്വാര്‍ട്ടറില്‍ തുടരെ ഓസീസ് താരങ്ങള്‍ ആക്രമണം അഴിച്ചു വിട്ടെങ്കിലും ഇന്ത്യന്‍ പ്രതിരോധം വഴങ്ങാന്‍ തയാറായില്ല. ഗോള്‍ പോസ്റ്റിനു കീഴില്‍ സവിതാ പൂനിയയുടെ മിന്നുന്ന സേവുകള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി.




