തൃശ്ശൂർ: യുവാക്കൾക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കും – വി എൻ വാസവൻ

തൃശ്ശൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് ഇത്തരത്തിലുള്ള പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ച് യുവ സംഘങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ പതിനാലെണ്ണത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നടവരമ്പിലെ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കലാകാരന്മാർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഈ വിഭാഗത്തിനായുള്ള പ്രത്യേക സഹകരണ സംഘങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളുമായാണ് സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം സ്വീകരിക്കലും വായ്‌പ നൽകലും മാത്രമാവാതെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പൊതുജങ്ങൾക്കാവശ്യമായ സഹായങ്ങളും സൗകര്യങ്ങളും സേവനങ്ങളുമാണ് സർവീസ് സഹകരണ ബാങ്കുകളും സംഘങ്ങളും നൽകിവരുന്നത്. കാർഷിക രംഗത്ത് കൃഷി ഉൽപന്നങ്ങളിൽ നിന്ന് മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കുകയും അവ വിതരണം  നടത്തുകയും ചെയ്യുന്നു എന്നത് എടുത്ത് പറയേണ്ട ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.

തികച്ചും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളാണ് സഹകരണ ബാങ്കുകൾ നടത്തിവരുന്നത്. നമ്മുടെ നാട്ടിൽ പ്രളയം, കൊറോണ പോലുള്ള വ്യാധികൾ എന്നിവ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ആശ്വാസകരമായ സേവനങ്ങൾ നൽകാൻ ഈ വിഭാഗത്തിന് കഴിഞ്ഞു എന്നത് കേരളത്തിന് എടുത്ത് പറയാവുന്ന നേട്ടം തന്നെയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ കരുതലായി കെയർ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നൽകാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. തുടർന്നും സാമ്പത്തിക പ്രതിസന്ധികളും മറ്റ് പരാതീനതകളും നേരിടുന്ന സാഹചര്യത്തിൽ സഹായങ്ങളും സേവനങ്ങളും ഉറപ്പ് നൽകാൻ സഹകരണമേഖല നാടിനൊപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർ മോഹൻ മോൻ പി ജോസഫ്, ഐ സി ഡി പി ഫേയ്സ് രണ്ട് പ്രൊജക്റ്റ്‌ മാനേജർ പി ആർ രവി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, വെള്ളങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയ ചന്ദ്രൻ, മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത്, ബാങ്ക് പ്രസിഡന്റ്‌ യു പ്രദീപ് മേനോൻ, സെക്രട്ടറി സി കെ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →