റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കി സച്ചിന്‍ പൈലറ്റ് ക്യാംപ്. എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന് ആരോപണവുമായി പൈലറ്റ് ക്യാംപിലെ എം.എല്‍.എയായ വേദ് പ്രകാശ് സോളങ്കി 13/06/21 ഞായറാഴ്ച രംഗത്തെത്തി.

ചില എം.എല്‍.എമാര്‍ അവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായി സോളങ്കി പറയുന്നു. എം.എല്‍.എമാരുടെ പേര് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആരാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും അറിയില്ല,’ സോളങ്കി പറയുന്നു. തന്റെ ഫോണും ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോയെന്നറിയില്ലെന്നും സോളങ്കി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസും ഇന്റലിജന്‍സ് വിഭാഗവും എം.എല്‍.എമാരെ നിരീക്ഷിക്കുന്നുണ്ടെന്നും സോളങ്കി പറഞ്ഞു.

അതേസമയം ഇവരെല്ലാം പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരാണോ എന്ന ചോദ്യത്തിന് അവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് എന്നായിരുന്നു സോളങ്കിയുടെ മറുപടി. അതേസമയം സോളങ്കിയുടെ ആരോപണത്തെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി തള്ളി. ഇത്തരം ആരോപണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ഉന്നയിക്കുമ്പോള്‍ തെളിവുകളുടെ പിന്‍ബലമുണ്ടാകണമെന്ന് ജോഷി പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റ് രണ്ട് ദിവസമായി ദല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച പൈലറ്റ് ബി.ജെ.പി. നേതാക്കളെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *