റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിയന്തിര നോട്ടീസ്‌ അവതരണത്തിനിടെ നിയമ സഭയില്‍ വാഗ്വാദം

June 11, 2021 - 9:46 am

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ്‌ അവതരണത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷ നിരയും തമ്മില്‍ വാഗ്വാദം. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഇടപെടാന്‍ ശ്രമിച്ച എ എന്‍ ഷംസീറിന്റെ നടപടിയോടെയാണ്‌ സഭാതലം വാക്കുതര്‍ക്കത്തിന്‌ വേദിയായത്‌. ഇടക്കുകയറി സംസാരിക്കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചങ്കിലും ഇപ്പോള്‍ മന്ത്രിയല്ലല്ലോയെന്ന മറുവാദമുയര്‍ത്തി വിഡി സതീശന്‍ തടഞ്ഞു. ഇതിന്‌ എ എന്‍ ഷംസീര്‍ നടത്തിയ പ്രതികരണമാണ്‌ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്‌.

നിയമസഭയില്‍ എങ്ങനെ പറയണമെന്ന് ഷംസീര്‍ ക്ലാസെടുക്കേണ്ടെന്നും ഷംസീറിനെ മാതൃകയാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. എല്ലാ കമന്‍റുകളും ശ്രദ്ധിക്കേണ്ടതില്ലെന്നും മൈക്ക്‌ പ്രതിപക്ഷ നേതാവിന്‌ അനുവദിച്ചിട്ടുളളതാണെന്നും സ്‌പീക്കര്‍ നിലപാടെടുത്തു. ചെയര്‍ പറയുന്നത്‌ കേട്ടാല്‍ മതിയെന്നും പ്രകോപിതനാവരുതെന്നും എംപി രാജേഷ്‌ വിഡി സതീശനോട്‌ പറഞ്ഞു എന്നാല്‍ നിരന്തരം പ്രസംഗം തടസപ്പെടുത്തുന്നത്‌ ശരിയല്ലെന്നായിരുന്നു വിഡി സതീശന്റെ മറുപടി.

യുജിസി മാര്‍ഗനിര്‍ദ്ദേശത്തിന്‌ വിരുദ്ധമാണ്‌ ശ്രീനാരായണ സര്‍വകാലശാല നിയമനം. വിസി, പ്രോവിസി, രജിസ്‌ട്രാര്‍ എന്നിവരെ പിരിച്ചുവിടണം.നിയമം ഭേതഗതി ചെയ്‌ത്‌ എല്ലാ സര്‍വകലാശാലകള്‍ക്കും വിദൂര പഠനത്തിന്‌ അവസരമൊരുക്കണം എന്നീ മൂന്ന്‌ നിര്‍ദ്ദേശങ്ങളാണ്‌ വിഡി സതീശന്‍ മുന്നോട്ടുവച്ചത്‌. ഇതിനിടക്ക്‌ കെടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ്‌ വഴങ്ങിയില്ല. ഇതും ഭരണ നിരയുടെ അതൃപ്‌തിക്കിടയാക്കി. മന്ത്രി ആയിരുന്ന ആള്‍ ഇങ്ങനെ ബഹളം വയ്‌ക്കാമോയെന്ന്‌ വിഡി സതീശന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാക്കള്‍ സംസരിക്കുമ്പോള്‍ ഭരണ പക്ഷത്തുനിന്നും ആര്‌ എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഇത്തരത്തില്‍ ഭരണ നിരക്ക്‌ വഴങ്ങിയിരുന്നുവെന്നും കെടി ജലീല്‍ പറഞ്ഞു ഇക്കാര്യത്തില്‍ കെടി ജലീല്‍ ക്രമപ്രശ്‌നവും ഉന്നയിച്ചു.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ആവശ്യമെങ്കില്‍ ഭേതഗതി ആലോചിക്കാമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *