ലഖ്നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്നഗറില്‍ കൊവിഡ് വാക്‌സിന്‍ മാറി നല്‍കിയത് വിവാദത്തില്‍. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച 20 പേര്‍ക്കാണ് രണ്ടാം ഡോസായി കോവാക്സിന്‍ നല്‍കിയത്. വ്യത്യസ്ത വാക്സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഏപ്രില്‍ ആദ്യവാരം കോവിഷീല്‍ഡ് വാക്സിനെടുത്ത ഗ്രാമീണരാണ് രണ്ടാം ഡോസ് സ്വീകരിക്കാന്‍ കഴിഞ്ഞ 14-ന് ബദ്നി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍, ആദ്യമെടുത്ത വാക്സിന്‍ ഏതെന്ന് അന്വേഷിക്കാതെ രണ്ടാം ഡോസ് കോവാക്സിന്‍ കുത്തിവയ്ക്കുകയായിരുന്നു.
ഒരാള്‍ക്ക് വ്യത്യസ്ത വാക്സിന്‍ നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇപ്പോഴുണ്ടായത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി പറഞ്ഞു. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വാക്സിന്‍ സ്വീകരിച്ച 20 പേരും നിരീക്ഷണത്തിലാണ്.

