ബി.ഐ.എസ്: ജൂണ്‍ 15 വരെ സാവകാശം

മുംബൈ: സ്വര്‍ണാഭരണങ്ങള്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്(ബി.ഐ.എസ്) ഹാള്‍മാര്‍ക്കിങ് നടപ്പാക്കുന്നതിനു വ്യാപാരികള്‍ക്കു ജൂണ്‍ 15 വരെ സാവകാശം അനുവദിച്ചു. കോവിഡ് രണ്ടാംതരംഗം വിപണികളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. ജൂണ്‍ ഒന്നിന് മുമ്പ് ഹാള്‍മാര്‍ക്കിങ് നിബന്ധനകള്‍ വ്യാപാരികള്‍ ഉറപ്പാക്കണമെന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചത്.
ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമാകും വില്‍ക്കാനാകുക. തട്ടിപ്പ് അവസാനിപ്പിക്കുന്നതിനാണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്. രണ്ടുഗ്രാമിന് മുകളിലുള്ള സ്വര്‍ണത്തിനാകും ബി.ഐ.എസ്. വേണ്ടിവരിക. ആറ് ലക്ഷത്തോളം സ്വര്‍ണവ്യാപാരികളുള്ള ഇന്ത്യയില്‍ 34,647 പേര്‍ക്കുമാത്രമാണ് നിലവില്‍ ബി.ഐ.എസ്. ലൈസന്‍സ് ഉള്ളൂ. ബി.ഐ.എസ്. മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനു സാവകാശം അനുവദിക്കണമെന്നു വ്യാപാരികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം