കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗശാനി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം.
ബി ജെ പിയുടെ വോട്ടര്‍മാരെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബി ജെ പി ബംഗാള്‍ വൈസ് പ്രസിഡന്റ് റിതേഷ് തിവാരി 03/04/21ശനിയാഴ്ച ട്വീറ്റ് ചെയ്തു. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്റെ ട്വീറ്റ്. ‘നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ. നിങ്ങള്‍ക്ക് മാതാവുണ്ട്. വീട്ടില്‍ സഹോദരിയുണ്ട്’ -എന്നു പറയുന്നതാണ് വിഡിയോ. ഇത് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
‘പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനായി തൃണമൂല്‍ നേതാക്കള്‍ എപ്പോഴും ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തികാണിക്കുന്നു. പക്ഷേ ഈ സമയം ആരും പേടിക്കില്ല’ -റിതേഷ് ട്വീറ്റ് ചെയ്തു. അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും വിഡിയോയുടെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും കൗശാനി പ്രതികരിച്ചു.

