ലേഖനം
പി. മുരളീധരൻ കരിവെള്ളൂർ

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു

April 1, 2021 - 8:36 pm

കത്തിക്കാളുന്ന വേനലിൽ തലച്ചുമടുമായി പ്രാഞ്ചി പ്രാഞ്ചിയുള്ള ആ വൃദ്ധന്റെ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. ഭൂമിയെ നോവിക്കാതെ, ഇളം കാറ്റുപോലെ ഒരു കറുത്തു മെലിഞ്ഞ മനുഷ്യന്റെ വേച്ചു വേച്ചുള്ള നടത്തം. കന്യാകുമാരിയിലെ കുശവന്റെ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള പുതുക്കുളം ഗോപാലൻ ചുമടിറക്കി മൂരി നിവർത്തി.

പഴയ വേണാട് രാജ്യത്തിന്റെ തലസ്ഥാനമായ പത്മനാഭപുരം. പത്മനാഭപുരത്തിന് കൽക്കുളമെന്നും പേരുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വേളിമലയുടെ താഴ് വാരത്തിലെ തക്കലയ്ക്കടുത്ത എരണിയൽ എന്ന ഗ്രാമമാണ് ജന്മദേശം.കൽക്കുളം കൊട്ടാരത്തിന്റെ അനുബന്ധമായ എരണിയൽ കൊട്ടാരം വേണാടിന്റെ പണപ്പെട്ടി സൂക്ഷിപ്പ് കേന്ദ്രമാണ്. 1601 ൽ ഇരവിവർമ്മ കുലശേഖര പെരുമാൾ നിർമ്മിച്ച പത്മനാഭപുരം കൊട്ടാരം നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും എരണിയിൽ കൊട്ടാരം അധികാരികളുടെ അവഗണനയിൽ തകർന്നു കിടക്കുകയാണ്.

കൊട്ടാരത്തിന്റെ പ്രാന്തത്തിൽ ആറു സെന്റു ഭൂമിയിലെ നാലുകാലോലപ്പുരയിലാണ് ഗോപാലനും ഭാര്യ ശെൽവറാണിയും താമസിക്കുന്നത്. ഉമാവതിയും ഹേമാവതിയും വൈകുണ്ഠ മണിയും പത്മാവതിയും അവരുടെ മക്കൾ. എല്ലാവരും വിവാഹിതരായി അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നു. ശെൽവറാണിക്ക് സമീപത്തെ കശുവണ്ടി ഫാക്ടറിയിലായിരുന്നു പണി. പത്തു വർഷം മുമ്പ് തലയ്ക്കേറ്റ ക്ഷതം മൂലം പണിയെടുക്കാനാവാതെ കൂരയിൽ കിടപ്പിലാണ്.ഗോപാലൻ കൂലിപ്പണിക്കാരനായിരുന്നു; കാൽ നൂറ്റാണ്ടുകാലം.

അങ്ങനെയിരിക്കെ, ഒരിക്കൽ കന്യാകുമാരിയിലെ ചുവന്ന കളിമൺപാത്രങ്ങളുമായി മലയാളക്കരയിലേക്ക് വണ്ടി കയറി. കോട്ടയമായിരുന്നു ആദ്യ കാല വില്പനകേന്ദ്രം. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ജില്ല കളിലും മൺപാത്രങ്ങളുമായി സഞ്ചരിച്ചു. ഗോപാലന്റെ മൺപാത്ര യാത്ര മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു. മാതൃഭാഷയായ തമിഴു പോലെ ഇപ്പോൾ മലയാളവും അനായാസം വഴങ്ങും.

കാലിക്കടവിലെ കുടുസ്സുമുറിയിലാണ് താമസം. ഗോപാലന്റെ ദരിദ്രാവസ്ഥയിൽ കരുണ തോന്നിയ കെട്ടിടമുടമ വാടക വാങ്ങാറില്ല.മുതലാളിമാർ ലോറികളിൽ അയക്കുന്ന മൺപാത്രങ്ങൾ കാലിക്കടവിലെ മരത്തണലുകളിൽ വിശ്രമിക്കും. കൂട നിറച്ചും പാത്രങ്ങളുമായി കാലത്തു തന്നെ ഗോപാല നിറങ്ങും.

മലയാളികൾ ജീവിത ശൈലിയിൽ വരുത്തിയ മാറ്റം ഈ മൺപാത്ര വില്പനക്കാരന്റെ വയറ്റത്താണടിച്ചത്.പലപ്പോഴും വിറ്റു പോകാത്ത പാത്രങ്ങളുമായി അയാൾ താവളത്തിലേക്കു മടങ്ങും. ഒന്നു രണ്ടു മാസത്തെ പണിക്കു ശേഷം നാട്ടിലേക്കു പോകും. ജീവിക്കാൻ മറ്റൊരു മാർഗ്ഗമില്ലാത്തതു കൊണ്ട് ചുമടേറ്റാൻ ഗോപാലൻ തിരികെ വരും. വാതരോഗംമൂലം വയ്യാണ്ടായി രണ്ടു പതിറ്റാണ്ടായിട്ടും പാത്ര ച്ചുമടേറ്റാതെ മുന്നോട്ടുപോകാനാകില്ല എന്ന സ്ഥിതിയാണ്.
” നടക്കാൻ പ്രയാസമാണ്. വിശപ്പിന്റെ വിളി കേൾക്കുമ്പോൾ നടക്കാതിരിക്കുന്നതെങ്ങനെ? നടക്കാതിരുന്നാൽ കിടപ്പിലാകും. അതു കൊണ്ട് എഴുപത്തഞ്ചാം വയസ്സിലും നടക്കുന്നു….. ” പ്രായവും രോഗവും തളർത്തുമ്പോഴും ജീവിത സമരത്തിൽ തോൽക്കാതെ, മീനച്ചൂടിൽ പുതുക്കുളം ഗോപാലൻ നടക്കുകയാണ് മലയാളത്തിൻ്റെ നാട്ടുവഴികളിലൂടെ.

Share
samadarsi1@gmail.com'

About പി. മുരളീധരൻ കരിവെള്ളൂർ

View all posts by പി. മുരളീധരൻ കരിവെള്ളൂർ →

Leave a Reply

Your email address will not be published. Required fields are marked *