റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാംപ്രതിയായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്. ഇബ്രാഹിംകുഞ്ഞിന്റെ നടപടി കേസിനെ ബാധിക്കുന്നതാണെങ്കില്‍ നടപടിയെടുക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്‍സ് അറിയിച്ചു.

കഴിഞ്ഞദിവസം മമ്പുറം മഖാം സന്ദര്‍ശിക്കാനുള്ള ഇളവിന്റെ മറവിലാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട്ട് എത്തിയത്. എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി ഇളവ് നല്‍കിയിരുന്നു. മമ്പുറം മഖാം സന്ദര്‍ശിക്കാന്‍ മാത്രമായിരുന്നു ഇളവ്. അത് ദുരുപയോഗിച്ചാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട്ടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യനില പരിഗണിച്ച് ജില്ല വിടരുതെന്ന നിബന്ധനയോട് കൂടിയായിരുന്നു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെ മലപ്പുറം മമ്പുറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യവുമായി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇത് പരിഗണിച്ചാണ് 10 മുതല്‍ 13 വരെ ദിവസങ്ങളില്‍ എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകുവാന്‍ കോടതി അനുമതി നല്‍കിയത്. എന്നാല്‍ മമ്പുറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ മാത്രമേ ഇളവ് ഉപയോഗക്കാവൂ എന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചിരിക്കെയാണ് അദ്ദേഹം വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. മകനെ കളമശ്ശേരി മണ്ഡലത്തില്‍ നിര്‍ത്തണമെന്ന ആവശ്യവുമായാണ് അദ്ദേഹം പാണക്കാടെത്തിയതെന്നാണ് വിവരം. പാണക്കാടെത്തിയ വിവരം വാര്‍ത്തയായതോടെ പെട്ടെന്ന് മടങ്ങുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *