ന്യൂഡൽഹി, 2026 ജൂൺ 6 –
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടക്കം ആയിരങ്ങൾ പങ്കെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ആഹ്വാനം ആദ്യമായി തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധം ശ്രദ്ധേയമായത്. രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി ഈ പ്രതിഷേധം മാറിയെന്നാണ് വിലയിരുത്തൽ.
പ്രതിഷേധം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ഡൽഹി പോലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. രാവിലെ ഒൻപതിന് പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തണമെന്നായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനം. തുടക്കത്തിൽ നൂറിൽ താഴെ ആളുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധത്തിന് അനുമതി ലഭിച്ച് ജന്തർ മന്തറിലേക്ക് നീങ്ങിയതോടെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേർ എത്തി. പ്രതിഷേധക്കാരുടെ എണ്ണം വളരെ വേഗത്തിൽ ആയിരം കടന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധ വേദിയിൽ മുഴങ്ങി. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ പ്രതിഷേധത്തെ അവഗണിച്ചെന്ന ആരോപണവും പ്രതിഷേധക്കാർ ഉയർത്തി. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്തെത്തി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
പാറ്റകളുടെ മുഖംമൂടികൾ, പൂക്കൾ, ത്രിവർണ പതാക, ഭഗത് സിംഗ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ പുസ്തകങ്ങൾ, ഭരണഘടനയുടെ പകർപ്പുകൾ എന്നിവ കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്.. മന്ത്രിയുടെ രാജി ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാട്. അതിനാൽ വരും ദിവസങ്ങളിൽ ഈ പ്രക്ഷോഭം ഏത് ദിശയിലേക്ക് നീങ്ങുമെന്നതാണ് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്.