കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഗുരുതരം. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയയോടൊപ്പം കടുത്ത പ്രമേഹവുമുള്ളതാണ് ജയരാജന്റെ ആരോഗ്യനില വഷളാക്കിയത്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ അദ്ദേഹം.
ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. ആരോഗ്യമന്ത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. നേരത്തെ കെ.കെ.ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുൻപാണ് എം.വി.ജയരാജന് കോവിഡ് ബാധിച്ചത്.
