ഇടുക്കി: ആറുമാസം മുമ്പാണ് അവർക്ക് മണ്ണിടിച്ചിലിൽ സ്വന്തക്കാരും ബന്ധുക്കളുമായ ഒരു പാട് പേരെ നഷ്ടപ്പെട്ടത്. കേരളത്തിലെ ദുരന്തഭൂപടത്തിൽ ആ സ്ഥലനാമവും അങ്ങനെ അടയാളപ്പെടുത്തപ്പെട്ടു, പെട്ടിമുടി, ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ കുടിയേറ്റ ഗ്രാമം.
ദുരന്തശേഷം പെട്ടിമുടിക്കാരുടെ വിദ്യാഭ്യാസവും ജീവിത നിലവാരവും വർദ്ധിപ്പിക്കുന്നതിന് ഔദ്യോഗികവും അനൗദ്യോഗികവുമായ സഹായ വാഗ്ദാനങ്ങൾ നിരവധിയുണ്ടായി. എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾക്ക് കാര്യമായ മാറ്റമൊന്നും നാളിതുവരെ വന്നിട്ടില്ല.
കോവിഡിൻ്റെ ഭാഗമായി വന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ഒരു സ്ഥലത്ത് എത്താൻ പെട്ടിമുടിയിലെ വിദ്യാർത്ഥികൾക്ക് വനത്തിനു നടുവിലെ റോഡിലൂടെ സഞ്ചരിക്കേണ്ടത് 6 കിലോമീറ്ററാണ്. സഞ്ചരിച്ചതുകൊണ്ടു മാത്രമായില്ല, പഠിക്കാനിരിക്കേണ്ടത് കെട്ടിടത്തിലോ മരങ്ങളുടെ തണലിലോ അല്ല, മറിച്ച് ഇരവികുളം നാഷണൽ പാർക്കിനുള്ളിലെ റോഡരികിലെ ക്രാഷ് ബാരിയറുകളിലാണ്. അതും പൊള്ളുന്ന വെയിലിൽ.
പ്രശ്നം പരിഹരിക്കാൻ ശരിയായ നെറ്റ്‌വർക്ക് സൗകര്യം ഒരുക്കാൻ ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. പഠിക്കാൻ നടന്നെത്തുന്ന സംഘത്തിന്റെ ഭാഗമായ ഒരാളാണ് അപർണ. ദുരന്തത്തിൽ അപർണയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് കുടുംബാംഗങ്ങളെയാണ്. അങ്ങനെ അപർണയും ബന്ധുക്കളും രാജമലയിലേക്ക് മാറ്റപ്പെട്ടു.
“ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിയാണ്, പക്ഷേ രാജമലയിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ശരിയായ നെറ്റ്‌വർക്ക് ഇല്ല. ചിലപ്പോൾ ഞങ്ങളെ കൊണ്ടുപോകാൻ വാഹനമില്ലാത്തപ്പോൾ ഞങ്ങൾ മുഴുവൻ ദൂരവും തിരിച്ചും നടക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ സന്ധ്യയ്ക്കു മാത്രമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ. നേരത്തെ 20 വിദ്യാർത്ഥികൾ ഗ്രൂപ്പിലുണ്ടായിരുന്നുവെങ്കിലും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറന്നതിന് ശേഷം എണ്ണം കുറഞ്ഞു, ”അപർണ പറഞ്ഞു.