എന്തിനൊക്കെയാണ് കോൺഗ്രസ് മാപ്പു പറയേണ്ടത് , ബി ജെ പി യോട് ശശി തരൂർ

ന്യൂഡെൽഹി: 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ പരിഹസിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്ന് ശശി തരൂർ ചോദിച്ചു.

‘കോണ്‍ഗ്രസ് എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കാതെ രാജ്യത്തിൻ്റെ കൊടിക്കീഴില്‍ അണിനിരന്നതിനോ? അതോ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,’ തരൂര്‍ ചോദിച്ചു.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന പാകിസ്താന്‍ മന്ത്രിയുടെ പരാമര്‍ശത്തിൻ്റെ പശ്ചാത്തലത്തിൽ, ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

ബുധനാഴ്ച (28/10/2020) യാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് ആ രാജ്യത്തിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്ത് വന്നത്. പുല്‍വാമയുടെ വിജയം ഇമ്രാന്‍ ഖാന്‍ നേതൃത്വത്തിന്റെ വിജയമാണെന്നായിരുന്നു ചൗധരി പറഞ്ഞത്. പുല്‍വാമ ആക്രമണ സമയത്ത് പാകിസ്താന്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു ചൗധരി.

പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരും ബി.ജെ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Share
അഭിപ്രായം എഴുതാം