അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്നും പാറക്കല്ല് ശേഖരിച്ച് നാസ, സാമ്പിൾ 2023 ൽ ഭൂമിയിലെത്തും

വാഷിംഗ്ടൺ: 330 ദശലക്ഷം കിലോമീറ്ററുകൾക്കകലെയായി ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയിൽ സൂര്യനെ വലം വയ്ക്കുന്ന ‘ബെന്നു ‘ എന്ന ഛിന്നഗ്രഹത്തിൽ റോബോട്ടിക് കൈകളാൽ സ്പർശിച്ച് ‘പാറക്കല്ല് സാമ്പിൾ’ ശേഖരിച്ചിരിക്കുകയാണ് നാസ.

63,000 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ബെന്നുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബഹിരാകാശ വാഹനമിറക്കുകയും 11 അടി നീളമുള്ള റോബോട്ടിക് കൈ കൊണ്ട് വെറും 10 സെക്കൻ്റ് മാത്രമെടുത്ത് സാമ്പിൾ ശേഖരിക്കുകയും ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് നാസ. 2020 ഒക്ടോബർ 28 ബുധനാഴ്ച സാമ്പിൾ ശേഖരണ പ്രക്രിയ പൂർത്തിയായതായി നാസ വ്യക്തമാക്കി. 2023 സെപ്റ്റംബർ 24 ന് പേടകം സാമ്പിൾ ഭൂമിയിലെത്തിക്കും.

57 ഗ്രാം സാമ്പിളാണ് ശേഖരിച്ചിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. നാല് വർഷം മുൻപ് വിക്ഷേപിച്ച നാസയുടെ ‘വാൻസൈസ് ഒസിരിസ്റക്സ് ക്രാഫ്റ്റ് സ്പേസ് വെഹിക്കിൾ’ ആണ് ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ചത്.

അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ വാഹനമിറക്കുകയെന്ന സാഹസിക ദൗത്യമാണ് നാസ നിർവഹിച്ചത്. ഛിന്നഗ്രഹത്തിന് ഗുരുത്വാകർഷണം കുറവായതിനാൽ 770 മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലായിരുന്നു ഒസിരിസ്റെക്സ് ബെന്നുവിനെ വലം വച്ചത്. പക്ഷേ ,ഈ നിസ്സാരമായ ഭ്രമണപഥത്തിൽ നിന്നും ബെന്നെവിൻ്റെ ഉപരിതലത്തിൽ തൊടാൻ പേടകം 4. 5 മണിക്കൂർ എടുത്തു. തൊട്ടതോ വെറും 10 സെക്കൻ്റും.

450 കോടി വർഷം മുൻപ് സൗരയൂഥം ഉണ്ടാകുന്ന കാലത്തു തന്നെയാണ് ഛിന്നഗ്രഹങ്ങളും ഉണ്ടായിട്ടുള്ളത് എന്നാണ് ഗവേഷക മതം. അതായത് ഭൂമിയോളം തന്നെ പഴക്കമുള്ളവയാണ് അവയും. 450 കോടി വർഷം മുൻപ് ജീവൻ്റെ കണികകൾ സൗരയൂഥത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നറിയാനുള്ള അന്വേഷണത്തിന് ബെന്നുവിലെ ‘പാറ സാമ്പിൾ’ സഹായകമാകും എന്ന് നാസ കരുതുന്നു.

‘റ്യൂഗു ‘ എന്ന ഛിന്നഗ്രഹത്തിൽ നിന്നുമുള്ള സാമ്പിളുമായി തങ്ങളുടെ പേടകം ഡിസംബറിൽ എത്തുമെന്നാണ് ജപ്പാൻ അവകാശപ്പെടുന്നത്. സൂര്യനെ വലം വയ്ക്കുന്ന ചെറുതും വലുതുമായ 10 ലക്ഷത്തോളം ഛിന്നഗ്രഹങ്ങളുണ്ട് എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം